കൊല്ലം: കൊല്ലം ജില്ലയിലെ ഭൂരിഭാഗം സിബിഎസ്ഇ സ്കൂളുകളിലും പിടിഎ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് . സ്കൂളില്‍ കൗൺസിലര്‍മാരെ നിയോഗിക്കാനും മാനേജ്മെന്‍റുകള്‍ തയ്യാറാകുന്നില്ലെന്നും പൊലീസ്. അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തെത്തുടര്‍ന്ന് ജില്ലയിലെ മുഴുവൻ സ്കൂളുകളുടേയും യോഗം പൊലീസ് വിളിച്ചു ചേര്‍ത്തു

ജില്ലയില്‍ 936 സ്കൂളുകളാണ് ആകെയുള്ളത്. ഇതില്‍ 308 സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂകളുമുണ്ട്. രണ്ടാഴ്ച മുൻപ് കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഈ സ്കൂളില്‍ പിടിഎ പ്രവര്‍ത്തിക്കുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് മറ്റ് സ്കൂളുകളിലെ അവസ്ഥ എങ്ങനെയെന്ന് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ചത്. അന്വേഷണത്തില്‍ ഭൂരിഭാഗം സ്കൂളുകളിലും പിടിഎ കാര്യക്ഷമമല്ലെന്നാണ് കണ്ടെത്തല്‍. പിടിഎ ഉടൻ രൂപീകരിക്കാനും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവല്‍ക്കരണം നടത്താൻ കൗണ്‍സിലര്‍മാരെ നിയമിക്കാനും ജില്ലാ പൊലീസ് മേധാവി സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി

കൗൺസിലര്‍മാര്‍ക്ക് നല്‍കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കണം. കൃത്യമായ ഇടവേളകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കൂടി പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി.