അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും ശൈത്യകാല കൊടുങ്കാറ്റും വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. ന്യൂയോർക്ക്, ചിക്കാഗോ എന്നിവിടങ്ങളിൽ പ്രധാനമായും ആയിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കിയതോടെ ക്രിസ്മസ് യാത്രക്കാരടക്കം വിമാനത്താവളങ്ങളിൽ കുടുങ്ങി
ന്യൂയോർക്ക്: അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വ്യോമഗതാഗതം പ്രതിസന്ധിയിലായി. ഇന്നലെ മാത്രം ആയിരത്തിലധികം വിമാന സർവീസുകളാണ് വിവിധ വിമാനക്കമ്പനികൾ രാജ്യത്തെമ്പാടും റദ്ദാക്കിയത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും മധ്യ-പടിഞ്ഞാറൻ മേഖലകളിലും ശൈത്യകാല കൊടുങ്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണി വരെ 1191 വിമാനങ്ങളാണ് റദ്ദാക്കിയത്. 3974 വിമാനങ്ങളാണ് വൈകിയത്. ന്യൂയോർക്, ചിക്കാഗോ വിമാനത്താവളങ്ങളാണ് പ്രതിസന്ധി നിലനിൽക്കുന്ന വിമാനത്താവളങ്ങളിൽ മുന്നിൽ. റദ്ദാക്കിയ 785 വിമാനങ്ങളും ന്യൂയോർക്ക് വിമാനത്താവളത്തിലേക്ക് പോയതും ഇവിടെ നിന്ന് പുറപ്പെട്ടതുമാണ്.
ക്രിസ്മസ് യാത്രക്കാരുടെ തിരക്കേറിയ സമയത്താണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി. ന്യൂയോർക്ക് നഗരത്തിലടക്കം വലിയ മഞ്ഞുവീഴ്‌ച പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അവധിക്കാലം ആഘോഷിക്കാൻ പോയ പലരും വിമാനത്താവളങ്ങളിൽ കുടുങ്ങി. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ അടിയന്തിര സ്വഭാവമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജനങ്ങളോട് നിർദേശമുണ്ട്.


