ചാലക്കുടി: നാട്ടിലെ ജനപ്രിയനായ സര്‍ക്കാര്‍ ഡോക്ടറെ സ്ഥലം മാറ്റിയതിനെതിരെ ജനങ്ങള്‍ സ്വന്തം നിലയില്‍ സമരം നടത്തുന്നു. തൃശ്ശൂരിലെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നിന്നാണ് കൗതുകകരമായ ഈ വാര്‍ത്ത. 

ആറ് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന രാജേഷ് തങ്കപ്പന്‍ എന്ന ഡോക്ടറെ സ്ഥലം മാറ്റുന്നതിനെതിരെയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും, ചുമട്ടു തൊഴിലാളികളും, കൂലിപണിക്കാരും, വീട്ടമ്മമാരുമെല്ലാം അടങ്ങുന്ന സാധാരണക്കാര്‍ സമരം നടത്തുന്നത്. 

ഒ.പി സമയം കഴിഞ്ഞും ജോലി ചെയ്യുകയും പാവപ്പെട്ട രോഗികള്‍ക്ക് അങ്ങോട്ട് പണവും മരുന്നും നല്‍കി സഹായിക്കുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന രാജേഷ് ഡോക്ടര്‍ രോഗികള്‍ക്കും ജനങ്ങള്‍ക്കും ദൈവത്തെ പോലെയാണ്. കോട്ടയം മെഡി.കോളേജില്‍ നിന്ന് ബിരുദം നേടിയ രാജേഷ് തങ്കപ്പന്‍ ആറായിരത്തോളം ശസ്ത്രക്രിയകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. 

തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പ്രമോഷന്‍ സഹിതമാണ് ഡോക്ടറെ സ്ഥലം മാറ്റുന്നതെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് ചാലക്കുടിക്കാര്‍. രാജേഷ് സാറിന് മാറ്റം വേണ്ട എന്ന മുദ്രാവാക്യവുമായാണ് ഇവരിപ്പോള്‍ ആശുപത്രിക്ക് മുന്‍പില്‍ പന്തല്‍ കെട്ടി സമരം നടത്തുന്നത്. രോഗികളുടേയും നാട്ടുകാരുടേയും കലര്‍പ്പില്ലാത്ത ഈ സ്‌നേഹം കാണുമ്പോള്‍ താലൂക്ക് ആശുപത്രി വിട്ടു പോകാന്‍ തോന്നുന്നില്ലെന്നാണ് രാജേഷ് ഡോക്ടറും പറയുന്നത്.