അന്ത്യോദയ അടക്കം മുപ്പതോളം ട്രെയിനുകള്‍ മലപ്പുറം ജില്ലയിലെവിടെയും സ്റ്റോപ്പില്ലാതെയാണ് കടന്നു പോകുന്നത്. 

തിരൂര്‍:മുഴുവന്‍ കോച്ചുകളും ജനറല്‍ കംപാര്‍ട്ട്മെന്‍റുകളായ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് അന്ത്യോദയ എക്സ്പ്രസ്സിന് മലപ്പുറം ജില്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ രംഗത്തു വന്നിട്ടുണ്ട്. ജില്ലാ വികസനസമിതിയും വിഷയത്തില്‍ പ്രമേയം പാസാക്കി. 

തിരൂര്‍ എംഎല്‍എ സി.മമ്മൂട്ടി, പൊന്നാന്നി എംപി ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരാണ് അന്ത്യോദയ എക്സ്പ്രസ്സിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് വേണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്. അന്ത്യോദയ അടക്കം മുപ്പതോളം ട്രെയിനുകള്‍ മലപ്പുറം ജില്ലയിലെവിടെയും സ്റ്റോപ്പില്ലാതെയാണ് കടന്നു പോകുന്നത്. 

ഇതിനെതിരെ നേരത്തെ തന്നെ പ്രതിഷേധം നിലനിന്നിരുന്നു. ഇതിനിടയിലാണ് പുതിയ അന്ത്യോദയ എക്സ്പ്രസ്സിനും ജില്ലയില്‍ സ്റ്റോപ്പ് കിട്ടാതെ വന്നത്. അന്ത്യോദയ എക്സ്പ്രസ്സിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയിനുകള്‍ തടഞ്ഞ് പ്രതിഷേധിക്കുമെന്ന നിലപാടിലാണ് ജനപ്രതിനിധികളും മറ്റു സംഘടനകളും. 

കൊച്ചുവേളിയില്‍നിന്നും മംഗലൂരുവിലേക്കും തിരിച്ചുമുള്ള അന്ത്യോദയ എക്സ്പ്രസിന് നിലവില് എട്ട് സ്റ്റോപ്പുകളാണുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കാസര്‍ഗോഡും ആലപ്പുഴയിലും റെയില്‍വേ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചത്.