ഷാര്‍ജ: മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് യു എ ഇയില്‍ റിലീസ് ചെയ്തു. തീയറ്റര്‍ മുഴുവന്‍ അലങ്കരിച്ച് ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ പുലിമുരുകനെ വരവേറ്റത്.

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ യു.എ.ഇയിലെ വരവേല്‍പ്പ് അന്ത്യന്തം ആവേശകമരായിരുന്നു. ഷാര്‍ജ സിനി പ്ലക്‌സ് തീയറ്ററില്‍ ഉത്സവ അന്തരീക്ഷമൊരുക്കി മോഹന്‍ലാല്‍ ആരാധകര്‍. തീയറ്റര്‍ മുഴുവന്‍ വര്‍ണ വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ശിങ്കാരിമേളവും മറ്റുമായി സിനിമയുടെ വരവേല്‍പ്പ് കൊഴുപ്പിച്ചു യുവാക്കള്‍.

മോഹന്‍ലാലിന്റെ കൂറ്റന്‍ കട്ടൗട്ടും ബാനറുകളുമെല്ലാം ആരാധകര്‍ പുലിമുരുകനെ വരവേല്‍ക്കാന്‍ ഒരുക്കിയിരുന്നു. ആട്ടും പാട്ടവുമെല്ലാം അവസാനിപ്പിച്ച് അവസാനം സിനിമയിലേക്ക്. തങ്ങളുടെ പ്രിയ നടന്‍ സ്‌ക്രീനില്‍ എത്തിയതോടെ വീണ്ടും ആവേശം അണപൊട്ടി.

കേരളത്തിലെപ്പോലെ അതല്ലെങ്കില്‍ അതിനേക്കാള്‍ ആവേശത്തിലാണ് യു.എ.ഇയില്‍ പുലിമുരുകനെ സ്വീകരിച്ചിരിക്കുന്നത്. യു.എ.ഇയിലെ പുലിമുരുകന്റെ പടയോട്ടം തുടങ്ങിക്കഴിഞ്ഞു. ഇനി പിടിച്ചാല്‍ കിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.