കൊച്ചി: നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ലെന്ന് പൾസർ സുനി ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. നടിയില്‍ നിന്നും പണം തട്ടുകമാത്രമായിരുന്നു ലക്ഷ്യമെന്നാണ് പള്‍സര്‍ സുനി പോലീസിനോട് ആദ്യഘട്ടത്തില്‍ പറഞ്ഞത്. ഉന്നതരുടെ ഇടപെടലില്ലെന്നും സുനി ചോദ്യംചെയ്യലിൽ പറഞ്ഞെന്നാണ് ആലുവ പോലീസ് ക്ലബില്‍ നിന്നും ലഭിക്കുന്ന സൂചന. വിശദമായ ചോദ്യം ചെയ്യല്‍ തുടരാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇതിനായി പള്‍സര്‍ സുനിയെയും വിജേഷിനെയും നാളെ കോടതിയില്‍ ഹാജറാക്കി ജാമ്യത്തില്‍ വാങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം പൾസർ സുനി നടത്തിയ നീക്കങ്ങൾ ദുരൂഹമാണെന്ന് പോലീസിന് അന്വേഷണത്തിൽ വ്യക്തമായി. വെള്ളിയാഴ്ച രാത്രി നടിയെ ആക്രമിച്ച ശേഷം സുനിയും കൂട്ടാളികളും കൊച്ചിയുടെ പരിസര മേഖലകളിൽ തന്നെയാണ് തങ്ങിയത്. ഇതാണ് പോലീസിനെ പ്രധാനമായും കുഴയ്ക്കുന്നത്.

സംഭവം നടന്ന ശേഷം സംവിധായകന്‍റെ വീട്ടിൽ അഭയംപ്രാപിച്ച നടി അധികം വൈകാതെ തന്നെ പോലീസിൽ പരാതിയും നൽകി. ഉടൻ തന്നെ നടപടി സ്വീകരിച്ച പോലീസ് പ്രതിയുടെ മൊബൈലിലേക്ക് നിർമാതാവ് ആന്‍റോ ജോസഫിന്‍റെ ഫോണിൽ നിന്നും വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ കെണി മനസിലാക്കിയ പ്രതികൾ മൊബൈൽ ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി സംഭവം നടന്ന ശേഷം ഒളിവിൽ പോയ പ്രതികൾ ശനിയാഴ്ച രാത്രി അഭിഭാഷകന്‍റെ വീട്ടിൽ എത്തി കേസിൽ വക്കാലത്ത് ഒപ്പിട്ട് നൽകി. ഈ സമയമത്രയും പ്രതികൾക്ക് ഒളിവിൽ കഴിയാൻ ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നും വാഹന സൗകര്യം എവിടെ നിന്ന് ലഭിച്ചുവെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. ശനിയാഴ്ച പകൽ പ്രതികൾ അമ്പലപ്പുഴയിലെ സുഹൃത്തിന്‍റെ അടുത്ത് പണത്തിന് വേണ്ടി എത്തിയിരുന്നുവെന്ന് നേരത്തെ വ്യക്തമായിരുന്നു. പണം ലഭിക്കാതെ വന്നതോടെ കായംകുളത്ത് എത്തി മാല പണയംവച്ച് സുനി പണം സംഘടിപ്പിച്ചു. തുടർന്നാണ് കൊച്ചിയിൽ എത്തി അഭിഭാഷകനെ കണ്ടത്.

അഭിഭാഷകനെ കണ്ട രാത്രി തന്നെ ഇവർ ടാക്സി മാറി മാറി കയറി കോയന്പത്തൂരിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ അഭിഭാഷകൻ മുഖേന സമർപ്പിക്കുകയും ചെയ്തു. എന്നാൽ മുൻകൂർ ജാമ്യഹർജി മാർച്ച് രണ്ടിലേക്ക് മാറ്റിയതോടെ കീഴടങ്ങാതെ മറ്റ് വഴിയില്ലാതെയായി. കോയന്പത്തൂരിൽ നിന്നും തമിഴ്നാട് ചുറ്റി തിരുവനന്തപുരത്ത് എത്തി ബുധനാഴ്ച കീഴടങ്ങാൻ പ്രതികൾ ശ്രമിച്ചുവെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. 

ഇവർ കീഴടങ്ങുന്നതിന് മുന്നോടിയായി അഭിഭാഷക തിരുവനന്തപുരത്ത് എത്തുകയും ചെയ്തിരുന്നു. അഭിഭാഷകയുടെ നീക്കങ്ങൾ മനസിലാക്കി പോലീസ് തിരുവനന്തപുരത്തെ കോടതികളിൽ നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇന്ന് കൊച്ചിയിലെ കോടതിയിൽ കീഴടങ്ങാൻ സുനിയും ബിജീഷും എത്തിയത്.