കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് തെരയുന്ന പള്‍സര്‍ സുനിയും വിജേഷും ഉടന്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്നും സൂചന. എറണാകുളം, ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ കോടതികള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കോടതിയില്‍ എത്തും മുന്‍പ് ഇവരെ പിടികൂടാന്‍ മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. കൈവശം കൂടുതല്‍ പണമില്ലാത്തതിനാല്‍ അധികനാള്‍ ഒളിവില്‍ കഴിയാന്‍ സുനിയ്ക്ക് കഴിയില്ല. മൂന്നു പവന്റെ മാല പണയം വച്ചുള്ള തുക മാത്രമാണ് സുനിയുടെ കൈവശമുള്ളത്. മാധ്യമങ്ങളില്‍ തുടര്‍ച്ചയായി സുനിയുടെ ചിത്രവും വാര്‍ത്തയും വരുന്നതും ഒളിവില്‍ കഴിയുന്നതിന് തടസ്സമാകുന്നുണ്ട്. 

അതേസമയം പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. മാര്‍ച്ച് മൂന്നിലേക്കാണ് ഹര്‍ജി മാറ്റിയത്. പള്‍സര്‍ സുനിയ്‌ക്കൊപ്പം ഒളിവില്‍ പോയ മറ്റൊരു പ്രതിയായ തലശേരി സ്വദേശി വി.പി ബിജിഷിന്റെ ജാമ്യാപേക്ഷയും മാറ്റിയിട്ടുണ്ട്.
ഇന്നലെ പോലീസിന്റെ കസ്റ്റഡിയിലായ തമ്മനം സ്വദേശി മണികണ്ഠനില്‍ നിന്നും പോലീസിന് സുനിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു. കോയമ്പത്തുര്‍ വരെ ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്നും അവിടെവച്ചാണ് പിരിഞ്ഞതെന്നുമാണ് മണികണ്ഠന്‍ നല്‍കിയ മൊഴി. 

നടിയെ ആക്രമിച്ചതിന്റെ മുഖ്യസൂത്രധാരന്‍ സുനി തന്നെയാണെന്നും മണികണ്ഠന്‍ മൊഴി നല്‍കിയിരുന്നു. എല്ലാം പ്ലാന്‍ ചെയ്ത് സുനി ഒറ്റയ്ക്കാണ്. ഒരു വര്‍ക്ക് ഉണ്ടെന്ന് പറഞ്ഞാണ് തന്നെ കൂടെ കൂട്ടിയത്. ആരോ തല്ലാനുള്ള ക്വട്ടേഷനാണെന്നാണ് താന്‍ കരുതിയത്. സുനിക്ക് പിന്നില്‍ ആരാണെന്ന് തനിക്കറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് വാഹനത്തില്‍ കയറിയ ശേഷം മാത്രമാണ് അറിഞ്ഞത്. താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ല. കൃത്യത്തിനു ശേഷം പണത്തെ ചൊല്ലി സുനിയുമായി തര്‍ക്കവുമുണ്ടായിയെന്നും മണികണ്ഠന്‍ പറയുന്നു. ഇയാളുടെ മൊഴി പോലീസ് പൂര്‍ണ്ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ലെങ്കിലും ചോദ്യം ചെയ്യല്‍ തുടരുകയാണ്. 

അതിനിടെ, സുനിയുടെ സഹോദരിയേയും ഭര്‍ത്താവിനേയും പോലീസ് ചോദ്യം ചെയ്യുകയാണ്. സുനിയെ രക്ഷപ്പെടാന്‍ സഹായിച്ചവരില്‍ ഇവരുമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ച സാഹചര്യത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.