കോഴിക്കോട്: സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. വെള്ളിയാഴ്ച രാലിലെ 7.30ന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇദ്ദേഹത്തെ ഇന്നലെയാണ് ആരോഗ്യപ്രശ്നങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കർമ്മം കൊണ്ട് ഡോക്ടറാണ് പുനത്തിൽ കുഞ്ഞബ്ദുള്ള.
1940 ഏപ്രിൽ മാസത്തിൽ ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളെജിലും അലിഗഢ് മുസ്ലീം സർവ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എം.ബി.ബി.എസ്. ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി.
മലയാള സാഹിത്യത്തില്‍ ബഷീറിനുശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനെന്നാണ് കുഞ്ഞബ്ദുള്ള അറിയപ്പെട്ടിരുന്നത്. ലളിതമായ ഭാഷ, ഫലിതം, ജീവിതനിരീക്ഷണം, കഥാഖ്യാനത്തിലെ സവിശേഷത എന്നിവ കുഞ്ഞബ്ദുള്ളയുടെ എഴുത്തിലെ പ്രത്യേകതകളാണ്.
മലമുകളില്‍ അബ്ദുള്ള, സ്മാരകശിലകള്‍, വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ എന്നിവയാണ് പ്രധാന കൃതികള്‍. കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മാതൃഭൂമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
