ആധുനികസാഹിത്യകാരന്‍മാരുടെ മുന്‍നിരയില്‍ നില്‍ക്കുമ്പോഴും പുനത്തില്‍ സഞ്ചരിച്ച വഴികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ചുറ്റുപാടുകളില്‍ നിന്ന് കണ്ടെത്തിയ കഥാപാത്രങ്ങലുടെ തെളിമയും സത്യസന്ധതയും അവയുടെ വായ്മൊഴിപ്പഴക്കവും അതേപടി പകര്‍ത്തുവാന്‍ ആയി എന്നതാണ് ഒരു കഥാകാരന്‍ എന്ന നിലയില്‍ കുഞ്ഞബ്ദുള്ളയെ മാറ്റിനിർത്തിയത്.  

വടകര: പുനത്തില്‍ കുഞ്ഞബ്ദുള്ള വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷമാകുന്നു. സ്വന്തം ജീവിത പരിസരത്തു നിന്നും പറിച്ചു നട്ട കഥാപാത്രങ്ങല്‍ കൊണ്ടു സമ്പന്നമായിരുന്നു പുനത്തിലിന്‍റെ കൃതികള്‍. 

ആധുനികസാഹിത്യകാരന്‍മാരുടെ മുന്‍നിരയില്‍ നില്‍ക്കുമ്പോഴും പുനത്തില്‍ സഞ്ചരിച്ച വഴികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ചുറ്റുപാടുകളില്‍ നിന്ന് കണ്ടെത്തിയ കഥാപാത്രങ്ങളിലൂടെ തെളിമയും സത്യസന്ധതയും അവയുടെ വായ്മൊഴിപ്പഴക്കവും അതേപടി പകര്‍ത്തുവാന്‍ ആയി എന്നതാണ് ഒരു കഥാകാരന്‍ എന്ന നിലയില്‍ കുഞ്ഞബ്ദുള്ളയെ മാറ്റിനിർത്തിയത്.

തനിക്കു വേണ്ടി എഴുതുകയും ഒപ്പം വായനക്കാരെ കൂടെ കൂട്ടുകയും ചെയ്യുന്ന ശൈലി അവസാന കൃതി വരെ കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിനായിരുന്നു. നിഗൂഢതകള്‍ ഉറങ്ങുന്ന പുരാതന പള്ളിക്ക് ചുറ്റിലും ജീവിച്ച മനുഷ്യരുടെ കഥ പറഞ്ഞ സ്മാരകശിലകളും വൈദ്യവൃത്തിയുടെ കാണാപ്പുറങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോയ മരുന്ന് അടക്കം 45 ലധികം കൃതികള്‍. ഇതില്‍ ഏഴ് നോവലുകള്‍, 15 ചെറുകഥാസമാഹാരങ്ങൾ, യാത്രാവിവരണങ്ങൾ.

മലയാളിയുടെ സദാചാരമൂല്യങ്ങള്‍ക്ക് വലിയ വിലയൊന്നും പുനത്തില്‍ കുഞ്ഞബ്ദുള്ള കല്‍പ്പിച്ചിരുന്നില്ല. ഒന്നും മറയ്ക്കാതെ സത്യസന്ധമായി ജീവിതം ആസ്വദിക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെ ആഖ്യാന ചാരുത അവകാശപ്പെടാവുന്ന അപൂര്‍വ്വം കഥാകാരന്‍മാരില്‍ ഒരാളായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. അതു കൊണ്ടു തന്നെയാകാം സ്നേഹിച്ചിരുന്നവര്‍ കുഞ്ഞിക്ക എന്നു വിളിച്ചിരുന്ന കുഞ്ഞബ്ദുള്ളയെ മറക്കാന്‍ മലയാളികള്‍ക്ക് കഴിയാതിരിക്കുന്നതും.