തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഇനി മുതല്‍ ശമ്പളം നല്‍കുന്നത് പഞ്ചിങ് നോക്കി മാത്രം. സമയത്ത് പഞ്ച് ചെയ്യാത്തവര്‍ക്ക് ജനുവരി ഒന്നു മുതല്‍ ആ ദിവസം ശമ്പളം കാണില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജനുവരി ഒന്നു മുതല്‍ ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ചിങ് നിര്‍ബന്ധമാക്കിക്കൊണ്ട് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവ് പുറത്തിറക്കിയത്.
രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയാണ് സെക്രട്ടേറിയറ്റിലെ പ്രവൃത്തി സമയം. ആഴ്ചയില്‍ മൂന്ന് ദിവസം വരെ രാവിലെ 15 മിനിറ്റ് വൈകി വരുന്നതോ അല്ലെങ്കില്‍ വൈകുന്നേരം 15 മിനിറ്റ് നേരത്തെ പോകുന്നതോ അനുവദിക്കും. എന്നാല്‍ ഏഴു മണിക്കൂര്‍ നിര്‍ബന്ധമായും ജോലി ചെയ്തിരിക്കണം. എന്നുവെച്ചാല്‍ വൈകി വരുന്നവര്‍ക്ക് വൈകിയേ പോകാന്‍ കഴിയൂ എന്നര്‍ത്ഥം.
വൈകുന്നേരം ജോലി അവസാനിക്കുന്ന സമയമായ 5.15ന് മുന്‍പ് പോകുന്നവര്‍ മേലധികാരിയുടെ പ്രത്യേക അനുവാദം വാങ്ങണം. മാസത്തില്‍ 180 മിനുട്ട് ഗ്രേസ് ടൈം അനുവദിക്കും. ഗ്രേസ് ടൈം പരിധി അവസാനിച്ചാല്‍ മൂന്ന് ദിവസം താമസിച്ച് വരുന്നതിനോ മൂന്ന് ദിവസം നേരത്തെ പോകുന്നതിനോ ഓരോ കാഷ്വല്‍ ലീവ് വീതം കുറവ് വരുത്തുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
നേരത്തെ തന്നെ സെക്രട്ടേറിയേറ്റില്‍ പഞ്ചിങ് ഉണ്ടായിരുന്നെങ്കിലും ഇത് ശമ്പള വിതരണ സോഫ്റ്റ്‍വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഇനി മുതല്‍ ലീവും പഞ്ചിങ്ങുമൊക്കെ സോഫ്റ്റ്‍വെയര്‍ തന്നെ നിയന്ത്രിക്കും. ജീവനക്കാര്‍ക്ക് നടപ്പാക്കുന്ന പഞ്ചിങ് തങ്ങള്‍ക്ക് ബാധകമാകില്ലെന്ന വാദവുമായി മന്ത്രിമാരുടെ പൈവ്രറ്റ് സെക്രട്ടറിമാര്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍, പ്രൈവറ്റ് സെക്രട്ടറിമാരും നിര്‍ബന്ധമായും പഞ്ചിങ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു.
