8848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടി ഇക്കഴിഞ്ഞ മേയ് 23ന് കീഴടക്കിയെന്ന അവകാശവാദവുമായാണ് മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും രംഗത്തെത്തിയത്. ഇതോടെ എവറസ്റ്റ് കീഴടക്കിയ ആദ്യ ദമ്പതികളെന്ന ബഹുമതിയും ഇവുരുടെ സ്വന്തമായി. ഔറംഗാബാദ് സ്വദേശിയായ പൊലീസ് കോണ്‍സ്റ്റബ്ള്‍ റഫീഖ് ഷെയ്ഖ് എവറസ്റ്റ് കീഴടക്കിയ വാര്‍ത്ത പുറത്തുവന്ന് ദിവസങ്ങള്‍ക്കകമായിരുന്നു ഇരുവരും അവകാശവാദവുമായി രംഗത്തെത്തിയത്. ഇതോടെ സംസ്ഥാന പൊലീസ് ഇരട്ട നേട്ടത്തിന്റെ നിറവിലുമായി. എന്നാല്‍ അധികം വൈകാതെ നിരവധി പര്‍വതാരോഹര്‍ ഇവര്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. നേട്ടത്തിന്റെ തെളിവായി ഇവര്‍ ഹാജരാക്കിയ ചിത്രങ്ങള്‍ വ്യാജമാണെന്നായിരുന്നു പ്രധാന ആരോപണം.

ഇരുവരും ഹാജരാക്കിയ ചിത്രങ്ങള്‍ തന്റേതാണെന്ന് അവകാശപ്പെട്ട് ബംഗളുരു സ്വദേശിയായ പര്‍വതാരോഹകന്‍ സത്യരൂപ് സിദ്ധാന്ത രംഗത്ത് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. ചിത്രങ്ങളില്‍ കംപ്യൂട്ടര്‍ സഹായത്തോടെ കൃത്രിമം കാണിച്ചതാണെന്നും വ്യക്തമായി. ഇതോടെ നേപ്പാള്‍ ടൂറിസം ബോര്‍ഡ് ഇവര്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവാങ്ങുകയും പര്‍വതാരോഹണത്തിന് പത്ത് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.