പഞ്ചാബിൽ വോട്ടിംഗ് യന്ത്രത്തിലെ തകരാറ് കാരണം പോളിംഗ് തടസ്സപ്പെട്ട ബൂത്തുകളിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടന്നു. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. 48 ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടന്നത്.
വോട്ട് ആര്‍ക്ക് ചെയ്തെന്ന് ഉറപ്പുവരുത്താൻ വോട്ട് ചെയ്തതിന് ശേഷം രസീത് കിട്ടുന്ന സൗകര്യമുള്ള വിവിപാറ്റ് മെഷീനുകളിലെ തകാറുകാരണം വോട്ടെടുപ്പ് തടസ്സപ്പെട്ട ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടന്നത് .അമൃത്സർ, മജിത, മോഗ, മുക്തസർ, സർദുൽഗാർ, സൻഗ്രുർ എന്നീ നിയമസഭാ മണ്ഡലങ്ങളിലേയും അമൃത്സര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ഉൾപ്പെട്ട 48 മണ്ഡലങ്ങളിലായിരുന്നു ഇന്ന് വോട്ടെടുപ്പ്. പുലർച്ചെ അഞ്ച് മണിമുതൽ പല ബൂത്തുകളിലും വോട്ടർമാർ വോട്ടു ചെയ്യാനായി എത്തിയിരുന്നു. വോട്ടെടുപ്പ് വൈകീട്ട് അഞ്ചുവരെ നീണ്ടു. മജീതയിലെ 12ഉം മുക്തസാര്‍ സൻഗ്രൂര്‍ എന്നിവിടങ്ങളിലെ ഒന്പത് വീതവും മോഗയിലേയും സൽദുര്‍ഗയിലേയും ഒന്നു വീതവും ബൂത്തുകളിൽ വോട്ടെടുപ്പ് നടന്നു. അമൃത്സര്‍ ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 16 ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടന്നു. വോട്ടെടുപ്പിനിടെ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ബൂത്തുകളിലെ സുരക്ഷയ്ക്കായി സൈന്യത്തെ വിന്യസിച്ചിരുന്നു. 78.6 ശതമാനം റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയ പഞ്ചാബിൽ പല ബൂത്തുകളിലും ഇന്ന് എൺപത് ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. അതിനിടെ വോട്ടിംഗ് മെഷിനുകൾ സംരക്ഷിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വോട്ടിംഗ് മെഷീന് ആവശ്യമായ സുരക്ഷഇല്ലെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം.
