സത് ലജ്-യമുന നദികൾ കനാലിലൂടെ സംയോജിപ്പിച്ച് പഞ്ചാബ് ഹരിയാനക്ക് ജലം നൽകണമെന്ന വിജ്ഞാപനം 1976ൽ കേന്ദ്ര സര്‍ക്കാർ പുറപ്പെടുവിച്ചിരുന്നു. ഈ കനാലിന്‍റെ നിര്‍മ്മാണം 90 കളിൽ ഭീകരവാദത്തിന്‍റെ പേരിൽ പഞ്ചാബ് നിര്‍ത്തിവെച്ചു. ഇതിനെതിരെ ഹരിയാന നൽകിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സത് ലജ്-യമുന കനാൽ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് 2003ൽ വിധിച്ചിരുന്നു.

വിധി മറികടക്കാൻ നദിജല കരാറുകൾ റദ്ദാക്കിക്കൊണ്ട് പഞ്ചാബ് നിയമസഭ പാസാക്കിയ നിയമത്തെ കുറിച്ചാണ് 2004ൽ അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാം ഭരണഘടനയുടെ 143-മത് അനുഛേദപ്രകാരം സുപ്രീംകോടതിയുടെ ഉപദേശം തേടിയത്. 

12 വര്‍ഷങ്ങൾക്ക് ശേഷം രാഷ്ട്രപതിക്കുള്ള മറുപടി തയ്യാറാക്കിയ ജസ്റ്റിസ് അനിൽ ആര്‍ ദവേയുടെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് പഞ്ചാബിന്‍റെ നിയമം നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. 2003ലെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് പഞ്ചാബ് നിയമത്തിലെ വ്യവസ്ഥകളെന്നും ഭരണഘടന ബെഞ്ച് നിലപാടെടുത്തു. സുപ്രീംകോടതി തീരുമാനം പുറത്തുവന്ന ഉടൻ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരീന്ദര്‍ സിംഗ് ലോക്സഭാ അംഗത്വം രാജിവെച്ചു. കോണ്‍ഗ്രസിന്‍റെ എല്ലാ എം.എൽ.എമാരും രാജിപ്രഖ്യാപിച്ചിട്ടുണ്ട്. 

സുപ്രീംകോടതിയുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് രാഷ്ട്രപതിയാണ്. പഞ്ചാബിലും ഹരിയാനയിലും പാര്‍ടി ഉൾപ്പെട്ട സര്‍ക്കാരുകളായതിനാൽ ഈ നദീജലതര്‍ക്കം കേന്ദ്രത്തിന് വലിയ തലവേദനയാവുകയാണ്. അടുത്ത വര്‍ഷം പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനാരിക്കെ സുപ്രീംകോടതി തീരുമാനം മറികടക്കാൻ പുതിയ ഓഡിനൻസ് ഉൾപ്പടെയുള്ള വഴികളും പഞ്ചാബ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.