കോഴിക്കോട്: പുറമേരിക്ക് അഭിമാനമായി കടത്തനാട് രാജ ഫുട്‌ബോള്‍ അക്കാദമി താരങ്ങള്‍ മുംബൈയിലേക്ക്. ജനുവരിയില്‍ മുബൈയില്‍ നടക്കുന്ന നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ടീം യോഗ്യത നേടി. കഴിഞ്ഞ ദിവസം കൊച്ചി പനമ്പള്ളിയില്‍ നടന്ന കേരള സ്‌റ്റേറ്റ് ഗേള്‍സ് റിലയന്‍സ് ഫൗണ്ടേഷന്‍ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ ചാലക്കുടി ഗവ:മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് ടീം യോഗ്യത നേടിയത്. 

സോണല്‍ മല്‍സരത്തില്‍ കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിനെയും, സുബ്രതോ കപ്പ് നാഷണല്‍ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച കല്ലാനോട് സെന്റ് മേരീസ് എച്ച്എസ്എസിനെയും പരാജയപ്പെടുത്തിയാണ് സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടിയത്. സോണല്‍ മത്സത്തില്‍ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത് പുറമേരിയുടെ കെ. നിസരിയാണ്. കേരള സ്‌റ്റേറ്റ് സ്‌ക്കൂള്‍ ടീമിന്റെ ഗോള്‍കീപ്പര്‍ കൂടിയാണ് ഈ വിദ്യാര്‍ഥിനി. മികച്ച കളിക്കാരിയായി എ.ടി.കെ. അഞ്ജുവിനെയും തെരഞ്ഞെടുത്തു. ഫൈനല്‍ മല്‍സരത്തില്‍ അഞ്ച് ഗോളുകള്‍ നേടി അഞ്ജു മാന്‍ ഒഫ് ദ മാച്ച് ആയിരുന്നു.

മുംബൈയില്‍ നടക്കുന്ന നാഷണല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കടത്തനാട് രാജ ഫുട്‌ബോള്‍ അക്കാദമി ടീമംഗങ്ങള്‍.