34 വര്‍ഷത്തിന് ശേഷം നിലവറ തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് താക്കോല്‍ കാണാനില്ലെന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്

പുരി: പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് കാണാതെ പോയ നിലവറയുടെ താക്കോല്‍ കണ്ടെത്തി. ക്ഷേത്ര നിലവറയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ആണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. താക്കോല്‍ കിട്ടിയത് അത്ഭുതമെന്നാണ് പുരി ജില്ലാ കലക്ടര്‍ അരവിന്ദ് അഗര്‍വാള്‍ പറയുന്നത്. അതേസമയം നിലവറയുടെ ഒറിജിനല്‍ താക്കോല്‍ എവിടെ ആണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. 

ഏപ്രില്‍ നാലിന് ആണ് താക്കോല്‍ കാണാതായ വിവരം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഒഡിഷ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ഏപ്രില്‍ നാലിന് നിലവറയുടെ കണക്കെടുപ്പിന് പതിനാറംഗ സംഘം ക്ഷേത്രത്തിലെത്തിയിരുന്നു. 34 വര്‍ഷത്തിന് ശേഷം നിലവറ തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് താക്കോല്‍ കാണാനില്ലെന്ന വിവരം ക്ഷേത്ര ഭരണ സമിതിയുടെ ശ്രദ്ധയില്‍ പെടുന്നത്. താക്കോല്‍ നഷ്ടമായതോടെ നിലവറയുടെ ഉള്ളറകളിലെ കണക്കെടുപ്പ് നടത്താന്‍ സാധിക്കാതെ സംഘം മടങ്ങുകയായിരുന്നു. 

താക്കോലിന് വേണ്ടിയുള്ള അന്വേഷണം പൊടിപൊടിക്കുന്നതിനിടെയാണ് ഒരു കവറില്‍ സീല്‍ ചെയ്ത നിലയില്‍ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ എന്ന് രേഖപ്പെടുത്തിയ നിലയില്‍ താക്കോല്‍ കണ്ടെത്തുന്നത്. ഇന്നലെ വൈകീട്ടാണ് താക്കോല്‍ കണ്ടെത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ ലോക്കര്‍ റൂമില്‍ നിന്നാണ് താക്കോല്‍ കണ്ടെത്തിയത്. താക്കോല്‍ കാണാതായ സംഭവം ഏറെ വിവാദമായിരുന്നു. താക്കോല്‍ കാണാതായതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. 

താക്കോല്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അവസാനമായ നിലവറ പൂട്ടിയ ശേഷം താക്കോല്‍ കലക്ടറുടെ കൈവശം നല്‍കിയെന്നും അദ്ദേഹം അത് ജില്ലാ ട്രഷറിയില്‍ നല്‍കിയെന്നുമാണ് വിവരം. എന്നാല്‍ ഇതിന് രസീതുകള്‍ ഒന്നും ഇനിയും ലഭ്യമല്ലായിരുന്നതാണ് സംഭവം ഏറെ വിവാദമാകാന്‍ കാരണമായത്. എന്നാല്‍ കണ്ടെത്തിയത് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ആയത് പ്രശ്നങ്ങള്‍ക്ക് അവസാനമാവില്ലെന്ന സൂചനയാണ് നല്‍കുന്നത്.