കുഞ്ഞ് ജനിച്ചയുടനെ കൊലപ്പെടുത്തിയ അന്പിളി തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി

കൊല്ലം: പുത്തൂരിൽ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ അമ്മ പിടിയിൽ. പുത്തൂര്‍ കാരയ്ക്കല്‍ സ്വദേശിനി അമ്പിളിയെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതിന് പോലീസ് അറസ്റ്റ് ചെയ്തത്. 

കുഞ്ഞ് ജനിച്ചയുടനെ കൊലപ്പെടുത്തിയ അമ്പിളി തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം തുണിയില്‍ കെട്ടി വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് വിവാഹിതയായ അമ്പിളിക്ക് മറ്റൊരു കുഞ്ഞുണ്ട്. രണ്ടാമതൊരുകുട്ടി വേണ്ട എന്നായിരുന്നു ഇവരുടെ തീരുമാനമെങ്കിലും ഇതിനിടെ അമ്പിളി വീണ്ടും ഗര്‍ഭിണിയായി. ഇതേ തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താന്‍ അമ്പിളി അടുത്തുള്ള ആശുപത്രിയില്‍ പോയെങ്കിലും ഗര്‍ഭഛിദ്രം നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. 

ഗർഭഛിദ്രത്തിനുള്ള ശ്രമം പരാജയപ്പെട്ടതോടെ കുഞ്ഞ് ജനിച്ചാലുടന്‍ കൊലപ്പെടുത്താന്‍ അമ്പിളിയും അമ്മയും ചേര്‍ന്ന് തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി വീട്ടില്‍ വച്ചാണ് അമ്പിളി പ്രസവിക്കുന്നത്. പ്രസവം കഴിഞ്ഞപ്പോള്‍ തന്നെ അമ്മയുടെ സഹായത്തോടെ കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്തു. 

പ്രസവസമയത്ത് വീട്ടില്‍ ഇല്ലാതിരുന്ന അമ്പിളിയുടെ ഭര്‍ത്താവ് മഹേഷ് പിന്നീട് വീട്ടിലെത്തിയപ്പോള്‍ ചോരക്കറ കാണുകയും ഇതെന്താണെന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗര്‍ഭം അലസിപ്പോയെന്നും കുഞ്ഞിനെ ഒരു തുണിയിലാക്കി കളഞ്ഞെന്നുമാണ് ഇരുവരും മഹേഷിനോട് പറഞ്ഞത്.

തുണിയില്‍ കെട്ടി വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കളഞ്ഞ കുഞ്ഞിന്‍റെ മൃതദേഹം പിന്നീട് തെരുവ് നായകള്‍ കടിച്ചെടുത്ത് പുറത്ത് കൊണ്ട് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഛിന്നഭിന്നമായ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ മാത്രമാണ് കൊല്ലപ്പെട്ടതൊരു ആണ്‍കുഞ്ഞാണെന്ന് തിരിച്ചറിയാന്‍ സാധിച്ചത്.