പുടിന്‍ മാത്രം വലിയൊരു കുടയ്ക്ക് കീഴില്‍ മഴ നനയാതെ നിന്നു

മോസ്ക്കോ: ലോകത്തിന്‍റെ മനസ് കീഴടക്കി മറ്റൊരു ലോകകപ്പിന് കൂടി തിരശ്ശീല വീണിരിക്കുന്നു. കാല്‍പന്ത് ആരാധകര്‍ മാത്രമല്ല ലോകം ഒന്നടങ്കം റഷ്യക്ക് കയ്യടിക്കുകയായിരുന്നു കഴിഞ്ഞ ഒരു മാസക്കാലം. സംഘാടനത്തിലും വര്‍ണപൊലിമയിലും റഷ്യന്‍ ലോകകപ്പ് ഗംഭീരം എന്നായിരുന്നു ഏവരും പറഞ്ഞത്.

എന്നാല്‍ കലാശക്കളിയുടെ അന്ത്യ നിമിഷങ്ങളില്‍ ആ പെരുമ തകര്‍ന്നടിഞ്ഞു. റഷ്യയെ ലോകത്തിന് മുന്നില്‍ നാണം കെടുത്തിയത് മറ്റാരുമല്ല. രണ്ട് ദശാബ്ദത്തോളമായി രാജ്യത്തിന്‍റെ ഭരണചക്രം തിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത അനിഷേധ്യ നേതാവെന്ന വിശേഷണങ്ങള്‍ക്കെല്ലാം ഉടമയായ സാക്ഷാല്‍ പ്രസിഡന്‍റ് പുടിന്‍ തന്നെയാണ്.

കലാശപോരിന് ശേഷമുള്ള ആഘോഷചടങ്ങുകള്‍ക്കിടയിലെ പുടിന്‍റെ പ്രവൃത്തിയാണ് രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കിയത്. കിരീട വിതരണമടക്കമുള്ള ചടങ്ങുകള്‍ക്കിടെ മഴ എത്തിയപ്പോള്‍ എല്ലാവരും മഴ നനയുകയായിരുന്നു. എന്നാല്‍ പുടിന്‍ മാത്രം വലിയൊരു കുടയ്ക്ക് കീഴില്‍ മഴ നനയാതെ നിന്നു. പ്രസിഡന്‍റിന്‍റെ പ്രവൃത്തിക്കെതിരെ രാജ്യത്ത് തന്നെ കനത്ത വിമര്‍ശനമാണ് ഉയരുന്നത്.

റഷ്യയില്‍ ഒരേ ഒരു കുട മാത്രമേയുള്ളുവോയെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയും സംഭവം ഏറ്റെടുത്തിട്ടുണ്ട്. അതിഥികളായെത്തിയ ഫ്രാന്‍സ്, ക്രൊയേഷ്യ, ഫിഫ എന്നിവയുടെയെല്ലാം പ്രസിഡന്‍റുമാര്‍ മഴ നനഞ്ഞ് നില്‍ക്കുമ്പോള്‍ ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്‍റെ തലവന്‍ തന്നെ ഇങ്ങനെ ചെയ്യ്തത് ശരിയാണോ എന്ന ചോദ്യം റഷ്യന്‍ ജനത ഒന്നടങ്കം ചോദിക്കുകയാണിപ്പോള്‍.

Scroll to load tweet…

Scroll to load tweet…
Scroll to load tweet…
Scroll to load tweet…