കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലെ ഉദ്യോഗസ്ഥതല വീഴ്ചയും ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കും. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഭാവിയില്‍ വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും കമ്മീഷന്‍ നിര്‍ദ്ദേശിക്കണം.

110 പേരുടെ മരണത്തിലേക്ക് നയിച്ച പരവൂര്‍ പുറ്റിങ്ങല്‍ ദുരന്തത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും മാത്രമായിരിക്കും ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണപരിധിയില്‍ വരുക എന്നാണ് ആദ്യം പറഞ്ഞ് കേട്ടത്. എന്നാല്‍ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസ് റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ അന്വേഷിക്കുന്നതിലും നടപടി സ്വീകരിക്കുന്നതില്‍ ആശയക്കുഴപ്പവും ഉണ്ടായതോടെയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ ഇക്കാര്യം കൂടി പരിഗണിക്കുന്നത്. കളക്ടര്‍ അനുമതി നിഷേധിച്ചിട്ടും പൊലീസ് വെടിക്കെട്ട് തടയാത്തതെന്ത്, പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ടോ, ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായ എഡിഎം എന്തുകൊണ്ട് സംഭവ സ്ഥലത്ത് ഉണ്ടായില്ല തുടങ്ങിയ കാര്യങ്ങള്‍ ജസ്റ്റിസ് ഗോപിനാഥന്‍ കമ്മീഷന്‍ പ്രത്യേകം അന്വേഷിക്കും. വെടിക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവിധ ഏജന്‍സികള്‍ സ്വീകരിക്കേണ്ട നടപടികളും കമ്മീഷന്‍ നിര്‍ദേശിക്കണം. ഈ മാസം 15 മുതല്‍ 27 വരെ ചിന്നക്കടയിലെ ഗസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസില്‍ പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും തെളിവുകളൊപരാതികളൊ സമര്‍പ്പിക്കാം. കേസില്‍ കക്ഷി ചേരണമെന്നുള്ളവര്‍ക്കും ഈ കാലയളവില്‍ അപേക്ഷകള്‍ നല്‍കാം. എറണാകുളത്താണ് കമ്മീഷന്റെ ഓഫീസ്. കൊല്ലത്തുംകമ്മീഷന്‍ സിറ്റിംഗ് നടത്തും. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. അതേസമയം ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് അനന്തമായി നീളുകയാണ്.