മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ അനുമതി രേഖകളില്‍ വ്യക്തത തേടി കൂടരഞ്ഞി പഞ്ചായത്ത്. പാര്‍ക്കിന്റെ നിയമലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഉപസമിതി 5 വകുപ്പുകള്‍ക്ക് കത്തയച്ചു. നേരത്തെ എംഎല്‍എ സമര്‍പ്പിച്ച രേഖകള്‍ പഞ്ചായത്ത് കൃത്യമായി പരിശോധിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. 

എംഎല്‍എയുടെ നിയമലംഘനങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഇതേ കുറിച്ചന്വേഷിക്കാന്‍ പഞ്ചായത്ത് ഏഴംഗ ഉപസമിതിയെ നിയോഗിച്ചത്. അന്വേഷണത്തിന്റെ ഭാഗമായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യം, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ്, പിഡബ്ല്യൂഡി. കെട്ടിട വിഭാഗം, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നീ വകുപ്പുകളോട് തല്‍സ്ഥിതി അറിയിക്കാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് കത്ത് നല്‍കിയിരിക്കുന്നത്. തന്റെ ഭാഗം ന്യായീകരിക്കാന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കിയ രേഖകളിലെ അവ്യക്തത ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താപരമ്പരയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിന് നല്‍കിയ ലൈസന്‍സ് റദ്ദു ചെയ്തിരിക്കുകയാണ്, പാര്‍ക്കില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാനായി കിട്ടിയ താല്‍ക്കാലിക വൈദ്യുതി കണക്ഷനുള്ള അനുമതിയെ പാര്‍ക്കിലെ സ്ഥിരം വൈദ്യുതി കണക്ഷനുള്ള അനുമതിയായി കാട്ടി, ഫയര്‍ ആന്റ് സേഫ്റ്റി പാര്‍ക്കിലെ ഒരു കെട്ടിടത്തിന് മാത്രമാണ് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരിക്കുന്നത്. സാനിറ്റിട്ടറി സര്‍ട്ടിഫിക്കേറ്റിന് അനുബന്ധമായി കിട്ടേണ്ട സൈറ്റ് മാപ്പും എംഎല്‍എ ഹാജരാക്കിയിരുന്നില്ല.

പിഡബ്ല്യൂഡി കെട്ടിട വിഭാഗം വാട്ടര്‍പൂളിന് എന്‍ ഓ സി നല്‍കിയതാവട്ടെ പാര്‍ക്കിന് പഞ്ചായത്ത് സ്ഥിരം ലൈസന്‍സ് അനുവദിച്ചതിന് ശേഷം മാത്രമാണ്. മുഴുവന്‍ രേഖകളും പരിശോധിച്ചാണ് പാര്‍ക്കിന് അനുമതി നല്‍കിയതെന്ന പഞ്ചായത്ത് വാദത്തെ തള്ളുന്നതായി ഈ രേഖ. നേരത്തെ എംഎല്‍എ സമര്‍പ്പിച്ച രേഖകളില്‍ കൂടുതല്‍ പരിശോധന നടത്താതെ കണ്ണുംപൂട്ടി ലൈസന്‍സ് നല്കുകയായിരുന്നുവെന്ന് പഞ്ചായത്തിന്റെ ഇപ്പോഴത്തെ നടപടിയിലൂടെ വ്യക്തമാവുകയാണ്.