മലപ്പുറം: ഇഎസ്‌ഐ നിയമങ്ങള്‍ അട്ടിമറിച്ചും പി.വി. അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ നിയമലംഘനം. എംഎല്‍എയുടെ ഉടമസ്ഥതതയിലുള്ള രണ്ട് പാര്‍ക്കുകളും ഇഎസ്‌ഐ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാണ് എംഎല്‍എയുടെ കക്കാടം പൊയിലുള്ള പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കക്കാടം പൊയിലിലെ പി.വി.ആര്‍ നാച്ചുറോ പാര്‍ക്ക്, മഞ്ചേരിയിലെ സില്‍സിലാ പാര്‍ക്ക് എന്നിവയാണ് പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതതയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍തീം പാര്‍ക്കുകള്‍. ഈ രണ്ടിടത്തോേയും നിരവധി നിയമലംഘനങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താപരമ്പരയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു,എന്നാല്‍ ഇവയെല്ലാം സര്‍ക്കാര്‍ കണ്ടെില്ലെന്ന് നടിക്കുകയാണ്. ഏറ്റവുമൊടുവിലായി ഇക്കഴിഞ്ഞ 16 ന് കിട്ടിയ വിവരാവകാശ രേഖയിലാണ് എംഎല്‍എയുടെ മറ്റൊരു നിയമലംഘനം കൂടി വ്യക്തമാകുന്നത്.
തന്റെ വാട്ടര്‍ തീം പാര്‍ക്കുകള്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്ന് നിയമസഭയില്‍ എംഎല്‍എ വീറോടെ വാദിച്ചെങ്കിലും തൊഴില്‍പരമായ ഒരു ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് കിട്ടുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖയാണിത്. ജീവനക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇഎസ്‌ഐ ആനുകൂല്യം ഒരു തൊഴിലാളിക്ക് പോലും കിട്ടുന്നില്ല. കാരണം എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കുകള്‍ ഒന്നും തന്നെ ഇഎസ്‌ഐ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ഇഎസ്‌ഐ കോര്‍പ്പറേഷന്റെ മേഖലാ ഓഫീസില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
പത്ത് തൊഴിലാളികളില്‍ അധികം സഥാപനത്തിലുണ്ടെങ്കില്‍ അവര്‍ക്ക് ഇഎസ്‌ഐ ലഭ്യമാക്കണമെന്നാണ് നിലവിലെ നിയമം , 20 തൊഴിലാളികളില്‍ കൂടുതലുണ്ടെങ്കില്‍ പ്രൊവിഡന്റ് ഫണ്ടും നല്‍കണം. ഇക്കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ തൊഴിലുടമക്കെതിരെ നിയമനടപടി സ്വീകരിക്കാം. ഇവിടെ ഒരു നിയമസഭാ സാമാജികനായ തൊഴിലുമടമായാണ് ഇത്തരത്തില്‍ നിയമം ലഘിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തൊഴില്‍ വകുപ്പിന്റെ കണ്ണുവെട്ടിച്ചും എംഎല്‍എ നടത്തിയ നിയമലംഘനങ്ങള്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു. നടപടിയെടുക്കാവുന്ന ആ നിയമലംഘനം ലേബര്‍കമ്മീഷണറുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും എംഎല്‍എ സുരക്ഷിതനാണ്.
