മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്‍റെ വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പാര്‍ക്കിന്റെ രജിസ്‌ട്രേഷന്‍ നടന്നിട്ടില്ലെന്ന് വിവരാവകാശ രേഖ. പാര്‍ക്കിന് തൊഴില്‍വകുപ്പ് രജിസ്‌ട്രേഷനില്ലെന്നതിന്റെ രേഖകള്‍ പുറത്തായി. പാര്‍ക്കിലെ തൊഴിലാളികളുടെ വിവരങ്ങള്‍ സ്ഥാപനം ഹാജരാക്കിയിട്ടില്ല. രജിസ്‌ട്രേഷനോ അനുബന്ധ രേഖകളോ ഇല്ലാതെ പി.വി.ആര്‍ നാച്ചുറോ പാര്‍ക്കിന് പ്രവര്‍ത്തിക്കാന്‍ ആവില്ലെന്ന് ലേബര്‍ കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നൂറോളം ജീവനക്കാര്‍ പാര്‍ക്കില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് പി.വി. അന്‍വര്‍ എംഎല്‍എ നേരത്തേ നിയമസഭയില്‍ വ്യക്തമാക്കിയത്. എന്നാല്‍ എംല്‍എയുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് പുതിയ രേഖകള്‍. പാര്‍ക്കിലെ തൊഴിലാളികളുടെ രേഖകളോ പേ റോളോ ജില്ലാ ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. രേഖകളില്ലാതെ പാര്‍ക്കിന് പ്രവര്‍ത്തിക്കാനാവില്ല. നിയമപരമായ നടപടികളെടുക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.