മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എ യുടെ പാര്‍ക്കിനെതിരെ സമരം ശക്തമാക്കുമെന്ന് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി. കൂടരഞ്ഞി പഞ്ചായത്ത് നല്‍കിയ നോട്ടീസിന് അന്‍വര്‍ മറുപടി നല്‍കിയ ശേഷം സമരം ആരംഭിക്കാനാണ് തീരുമാനം. അന്‍വറിന്റെ പാര്‍ക്ക് ചട്ടലംഘനം നടത്തിയിട്ടും യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് നടപടി എടുക്കാന്‍ മടിക്കുന്നുവെന്ന ആക്ഷേപത്തിനിടെയാണ് സമരം ആരംഭിക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കുന്നത്. 

മൂന്ന് ലൈസന്‍സ് റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ നിരാക്ഷേപ പത്രം സമര്‍പ്പിക്കാന്‍ പിവി അന്‍വര്‍ എം.എല്‍.എയോട് പഞ്ചായത്ത് ആവശ്യപ്പെട്ടെങ്കിലും ഫയര്‍ എന്‍ഒസി മുന്‍നിര്‍ത്തിയുള്ള മറുപടി മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ആരോഗ്യ വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ എന്‍ഒസി കൂടെ ഹാജരാക്കിയാല്‍ മാത്രമേ പാര്‍ക്കിന് തുറന്ന് പ്രവര്‍ത്തിക്കാനാകൂ. 

പാര്‍ക്കില്‍ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പാക്കാനുള്ള അനുമതിക്കുള്ള അപേക്ഷപോലും നല്‍കിയിട്ടില്ലെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. അതിനാല്‍ റൈഡുകളോ മറ്റ് ഉപകരണങ്ങളോ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് ചട്ടവിരുദ്ധമാണ്.

മലിനീകരണ നിയന്ത്രണത്തിനാവശ്യമായ സംവിധാനങ്ങള്‍ പാര്‍ക്കില്‍ഇല്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയിലും കണ്ടെത്തിരുന്നു. സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പാര്‍ക്കിന് അനുമതി നല്‍കാനാവില്ലെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പാര്‍ക്ക് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ക്ക് അടച്ചുപൂടാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കാനുള്ള സാധ്യത ഏറുകയാണ്.