പി വി അന്‍വറിന് ക്ലീന്‍ചിറ്റ് അന്‍വറെ രക്ഷിച്ച് സ്പീക്കര്‍? പരിസ്ഥിതി നിയമലംഘനങ്ങളില്‍ നടപടിയില്ല പരിസ്ഥിതി കമ്മിറ്റിയില്‍ തുടരുന്നു

കോഴിക്കോട്: പരിസ്ഥിതി നിയമ ലംഘനങ്ങളില്‍ എംഎല്‍എയുടെ വിശദീകരണം മാത്രം പരിഗണിച്ച് പി.വി.അന്‍വറിന് സ്പീക്കറുടെ ക്ലീൻ ചിറ്റ്. തുടർ നടപടി ആവശ്യമില്ലെന്നാണ് സ്പീക്കറുടെ നിലപാട്. പി.വി.അന്‍വര്‍ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയില്‍ തുടരുന്നത് ചോദ്യം ചെയ്തുള്ള പരാതിയിലാണ് സ്പീക്കറുടെ മറുപടി.

അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്ത് മുന്‍കൂര്‍ അനുമതിയുമില്ലാതെ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചു, കാട്ടരുവിയുടെ ഒഴുക്ക് തടസപ്പെടുത്തി തടയണയുണ്ടാക്കി തുടങ്ങി പി വി അന്‍വര്‍ എംഎല്‍എ നടത്തിയ പരിസ്ഥിതി നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച എംഎല്‍എയെ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കെ പി സിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍, കോഴിക്കോട്ടെ പൊതു പ്രവര്‍ത്തകന്‍ പി ബി അജിത്ത് എന്നിവരാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സ്പീക്കറുടെ ഓഫീസില്‍ നിന്ന് പി ബി അജിത്തിന് കിട്ടിയ മറുപടിയിലാണ് പി വി അന്‍വറിന് ക്ലീന്‍ ചിറ്റ് നല്‍കിയതായി വ്യക്തമാകുന്നത്. 

ഉന്നയിച്ച ആക്ഷേപങ്ങളില്‍ സ്പീക്കര്‍ എംഎല്‍എയുടെ വിശദീകരണം തേടി. വിശദീകരണം തൃപ്തികരമാണ്. അതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടെന്ന് ഉത്തരവിട്ടിരിക്കുന്നു എന്നാണ് മറുപടിയില്‍ പറയുന്നത്. അതേസമയം, അംഗത്തിന്‍റെ വിശദീകരണം മാത്രം പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം ദുരൂഹമാണ്. പരാതിക്കാരുടെ വിശദീകരണം ഒരു ഘട്ടത്തില്‍ പോലും തേടിയിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമൊന്നും നടന്നിട്ടില്ലെന്നും വ്യക്തമാണ്. പി വി അന്‍വറിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങളുണ്ടായിരുന്നു. ഭൂപരിധി നിയമലംഘിച്ച് പരിധിക്കപ്പുറം ഭൂമി കൈവശം വച്ചതിലും, പാര്‍ക്കിലെ നിയമലംഘനങ്ങളിലും എംഎല്‍എക്കതെിരെ പ്രഖ്യാപിച്ച അന്വേഷണങ്ങളെല്ലാം മരവിച്ചിരിക്കുകയാണ്.