മലപ്പുറം: വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് നിയമവിധേയമായെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. പാര്‍ക്കിന് പ‌ഞ്ചായത്തിന്റെ അനുമതിയുണ്ട്. പരാതിക്കാരനായ മുരുകേശ് നരേന്ദ്രന്റെ വ്യക്തിവിരോധമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. കുടുംബപ്രശ്നത്തില്‍ ഇടപെട്ടതാണ് വിരോധത്തിന് കാരണം. ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്യാടന്‍ മുഹമ്മദും മകന്‍ ഷൗക്കത്തുമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.

വാട്ടര്‍ തീം പാര്‍ക്കിനു ലൈസന്‍സ് താന്‍ എംഎല്‍എ ആകുന്നതിനു മുമ്പ് തന്നെ ലഭിച്ചതാണ്. ലൈസന്‍സിന്റെ രേഖകള്‍ തന്റെ കൈവശം ഉണ്ട്. ആ രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും എംഎല്‍എ പറഞ്ഞു. അതേസമയം, പി.വി അന്‍വറിന്റെ പാര്‍ക്ക് പൂട്ടില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി രവീന്ദ്രന്‍. പാര്‍ക്കിന് എല്ലാ അനുമതിയുമുണ്ട്. പാര്‍ക്ക് പൂട്ടാന്‍ ഭരണസമിതി യോഗം തീരുമാനിച്ചാലും പെട്ടെന്ന് നടപ്പാക്കാനാകില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി.

പാര്‍ക്കിന് എല്ലാ രേഖകളും ഉള്ളതുകൊണ്ടാണ് അനുമതി നല്‍കിയതെന്നും സെക്രട്ടറി പറഞ്ഞു. പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയ മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. പാര്‍ക്ക് വിവാദം കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് സെക്രട്ടറിയുടെ പ്രതികരണമെത്തിയത്.