ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയതായി സാമ്പത്തിക - വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നൽകുന്ന സ്മാർട് ഇലക്ട്രോണിക് സേവനം വഴി മണിക്കൂറുകൾക്കകം വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാൻ കഴിയുന്ന സംവിധാനമാണ് നിലവിൽ വന്നത്.

രാജ്യത്തെ നിക്ഷേപ സംരംഭകർക്ക് എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാനും മറ്റ് തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കടകൾ ഉൾപ്പെടെയുള്ള വാണിജ്യ സംരംഭങ്ങളുടെ ലൈസൻസ് പുതുക്കുന്നതിന് 48 മണിക്കൂർ വരെ സമയമെടുക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിച്ചു ഫീസ് അടക്കുന്നതോടെ രേഖകൾ പരിശോധിച്ചു ഉടൻ തന്നെ ലൈസൻസ് പുതുക്കി നൽകുന്ന രീതിയാണ് നിലവിൽ വന്നത്.

അപേക്ഷകന്റെ തിരിച്ചറിയൽ രേഖകൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. സിവിൽ ഡിഫൻസ് ഉൾപ്പെടെ മറ്റു വകുപ്പുകളിൽ നിന്നുള്ള അനുമതി ആവശ്യമുണ്ടെങ്കിൽ ആ രേഖകൾ കൂടി ഓൺലൈനായി തന്നെ അപേക്ഷയോടൊപ്പം നൽകാവുന്നതാണ്. പുതുക്കിയ ലൈസൻസ് മണിക്കൂറുകൾക്കകം അപേക്ഷകന് ഇ മെയിൽ വഴി അയച്ചുകൊടുക്കും.

ലുസൈലിലെ മന്ത്രാലയം സേവന കേന്ദ്രത്തിലോ മറ്റ് ശാഖകളിലോ നേരിട്ടെത്തിയും നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനാവും. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലുള്ള അപേക്ഷയിൽ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം പ്രിന്റ് ചെയ്ത കോപ്പിയും തിരിച്ചറിയൽ രേഖയും സഹിതമാണ് നേരിട്ട് ഹാജരാവേണ്ടത്. ഇത്തരം അപേക്ഷകളിൽ തെറ്റ് വരാതെ ശ്രദ്ധിക്കണമെന്നും പിഴവുകൾ സംഭവിച്ചാൽ കാലതാമസം ഉണ്ടാവാനിടയുണ്ടെന്നും സാമ്പത്തിക - വാണിജ്യ മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി.