ഖത്തറില്‍ വിസാ നിബന്ധനകളില്‍ വരുത്തിയ ഇളവ് വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ബിസിനസ് സമൂഹം. ഉപരോധത്തെ തുടര്‍ന്ന് മന്ദഗതിയിലായ ഹോട്ടല്‍ മേഖലയ്‌ക്ക് ഇത് വലിയ തോതില്‍ സഹായമാകുമെന്നാണ് വിലയിരുത്തല്‍.
നാല് അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം രണ്ടു മാസം പിന്നിട്ടപ്പോള്‍ ഏറ്റവുമധികം തളര്‍ച്ച നേരിട്ട മേഖലകളിലൊന്നാണ് ഹോട്ടല്‍ വ്യവസായം. സൗദിയും ദുബായും ഉള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തുന്ന സന്ദര്‍ശകരായിരുന്നു നക്ഷത്ര ഹോട്ടലുകളിലെ താമസക്കാരില്‍ ഭൂരിഭാഗവും. ഉപരോധം വന്നതോടെ സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് ഈ മേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. എന്നാല്‍ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മറ്റ് നിബന്ധനകളൊന്നുമില്ലാതെ ഓണ്‍ അറൈവല്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള പുതിയ തീരുമാനം ഹോട്ടല്‍ മേഖലയില്‍ വലിയ ഉണര്‍വുണ്ടാക്കുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
മുന്‍കൂട്ടി അപേക്ഷിക്കാതെ രാജ്യത്തെത്തുന്ന വിദേശികള്‍ മടക്ക ടിക്കറ്റിനൊപ്പം താമസിക്കാനുള്ള ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍ കൂടി എമിഗ്രേഷന്‍ അധികൃതര്‍ക്ക് നല്‍കേണ്ടി വരുമെന്നാണ് സൂചന. ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടായാലും വാണിജ്യ-വ്യവസായ രംഗത്ത് പുതുതായി അവസരം ലഭിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെയും വരും നാളുകളില്‍ ഇവര്‍ പ്രതീക്ഷിക്കുന്നു. ആഭ്യന്തര ഉല്‍പാദനവും വിപണനവും വര്‍ധിപ്പിച്ചു ഉപരോധത്തെ മറികടക്കാനുള്ള ഖത്തറിന്റെ തീരുമാനം പുതിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് അവസരം നല്‍കുമ്പോള്‍ അതിന്റെ ആനുകൂല്യം ഹോട്ടലുകള്‍ക്കും വിനോദ സഞ്ചാര മേഖലക്കും കൂടി ലഭിക്കുമെന്നാണ് ഇവരുടെ കണക്ക് കൂട്ടല്‍.
