ഖത്തര്‍: പ്രാദേശിക വിമാന കമ്പനികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങാനുള്ള ഖത്തര്‍ എയര്‍ വെയ്‌സിന്റെ നീക്കങ്ങള്‍ വൈകുന്നതായി റിപ്പോര്‍ട്ട്. വ്യോമയാന മേഖലയിലെ നൂറു ശതമാനം വിദേശ നിക്ഷേപം രാജ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക വിമാന കമ്പനികള്‍ എതിര്‍പ്പ് തുടരുന്നത്.

ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖലയില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ രംഗപ്രവേശം ഉടന്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തു നില്‍ക്കുകയാണെന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ ബംഗലൂരു ആസ്ഥാനമായി കമ്പനി സ്ഥാപിക്കുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് മേധാവി അക്ബര്‍ അല്‍ ബേക്കറും ദുബായില്‍ പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ ഇന്ത്യയിലെ മറ്റു വിമാന കമ്പനികള്‍ ഇക്കാര്യത്തില്‍ എതിര്‍പ്പുമായി തുടരുന്നതാണ് കാര്യങ്ങള്‍ വൈകാന്‍ ഇടയാക്കുന്നതെന്നാണ് വിലയിരുത്തല്‍. ഖത്തര്‍ എയര്‍വേയ്‌സിനെ പോലുള്ള അന്തരാഷ്ട്ര കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് കര്‍ശനമായ നിബന്ധനകളോടെയായിരിക്കണമെന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും യുഎസ് പോലുള്ള വികസിത രാജ്യങ്ങളില്‍ പോലും ഇക്കാര്യത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കാറുണ്ടെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു. 

അതേസമയം ഇന്ത്യന്‍ വ്യോമയാന മേഖലയിലെ വിദേശ നിക്ഷേപങ്ങളെ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുതിയ നിയമം പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഇതിനിടെ, ഖത്തറിനെ കൂടാതെ സിംഗപ്പൂര്‍ എയര്‍ ലൈന്‍സിനെയും ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.