ദോഹ: ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് ഖത്തര്‍ എയര്‍വേയ്‌സ് ശ്രമം ഊര്‍ജിതമാക്കി. ഇന്ത്യയില്‍ പുതിയ ആഭ്യന്തര വിമാന കമ്പനി ആരംഭിക്കുകയോ നിലവിലുള്ള ഏതെങ്കിലും കമ്പനിയില്‍ നിക്ഷേപം നടത്താനോ ഉള്ള ചര്‍ച്ചകളാണ് ദില്ലി കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ നിക്ഷേപം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഖത്തറിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

2026 ആകുമ്പോഴേക്കും ലോകത്തെ മൂന്നാമത്തെ വ്യോമയാന വിപണിയായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തല്‍.ഗള്‍ഫ് വിമാന കമ്പനികളുടെ പ്രധാന വിപണിയായ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ എയര്‍വേയ്‌സ് 2013 മുതല്‍ നടത്തിവരുന്ന നീക്കങ്ങള്‍ക്ക് ഈയിടെയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കുറേകൂടി അനുകൂലമായ മറുപടി ലഭിച്ചത്.22 രാജ്യാന്തര വിമാനത്താവളങ്ങളുള്ള ഇന്ത്യയില്‍ പതിമൂന്ന് നഗരങ്ങളിലേക്ക് മാത്രമാണ് ഖത്തര്‍ എയര്‍വേയ്‌സ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇതിനുപുറമെ 64 ആഭ്യന്തര വിമാനത്താവളങ്ങള്‍ കൂടിയുള്ള ഇന്ത്യയിലെ മികച്ച സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയില്‍ പങ്കാളിത്തത്തിനു ശ്രമിക്കുന്നത്.

ഇന്ത്യയില്‍ കൂടുതല്‍ ആഭ്യന്തര ശൃഖലയുള്ള വിമാനക്കമ്പനിയില്‍ പങ്കാളിത്തം ലഭിക്കുന്നതിലൂടെ പ്രാദേശിക വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായി ദോഹയിലേക്കും ദോഹ വഴി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും യാത്ര ചെയ്യാന്‍ ഖത്തര്‍ എയര്വേയ്സിന് അവസരം ലഭിക്കും.നേരത്തെ ബജറ്റ് വിമാനങ്ങളുമായി കോഡ് ഷെയറിങ് കരാര്‍ സാധ്യമായിരുന്നില്ലെങ്കിലും നിലവില്‍ അതിനും വഴി തുറന്നതോടെ ഈ വഴിക്കും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ആഭ്യന്തര സര്‍വീസിന് സാഹചര്യം ഒരുങ്ങിയാല്‍ ഇന്ത്യയിലെ ഓരോ നഗരങ്ങളിലേക്കും നേരിട്ട് സര്‍വീസ് നടത്തുന്നതിന് പകരം മുംബൈ, ദില്ലി നഗരങ്ങള്‍ പ്രധാന ഹബ്ബായി കണക്കാക്കി കണക്ഷന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനായിരിക്കും ശ്രമം. ജെറ്റ് എയര്‍വെയ്സുമായുള്ള സഹകരണത്തിലൂടെ യുഎഇയിലെ ഇത്തിഹാദ് എയര്‍വേയ്‌സ് നടത്തുന്ന സര്‍വീസുകളെ മാതൃകയാക്കിയാണ് ഖത്തര്‍ എയര്‍വെയ്സും ശ്രമം നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിമാന യാത്രക്കാര്‍ നൂറ് ദശലക്ഷത്തിനടുത്ത് എത്തിയതായാണ് കണക്ക്. വരും വര്‍ഷങ്ങളില്‍ യാത്രക്കാര്‍ വര്‍ധിക്കുന്നതോടെ ഇന്ത്യയില്‍ പിടി മുറുക്കുന്നതിനുള്ള വിവിധ ഗള്‍ഫ് വിമാന കമ്പനികളുടെ ശ്രമത്തിനൊപ്പമാണ് ഖത്തര്‍ എയര്‍വേയ്‌സ് ചര്‍ച്ചകളുമായി മുന്നോട്ടു പോകുന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക് ആയിരക്കണക്കിന് യാത്രാസീറ്റുകള്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ കേന്ദ്രം ഖത്തര്‍ എയര്‍വെയ്സിനോട് ആവശ്യപ്പെട്ടത്.