രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പകുതിയിലധികം സ്വകാര്യ സ്‌കൂളുകളാണ് ഫീസ് വര്‍ദ്ധനവാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നത്. ആകെ ലഭിച്ച 127 അപേക്ഷകളില്‍ 70 ശതമാനം അപേക്ഷകളും നിരസിച്ചതായി സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിങ് വിഭാഗം ഡയറക്‌ടര്‍ ഹമദ് അല്‍ ഗാലി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിരവധി ഘട്ടങ്ങളിലൂടെയുള്ള സൂക്ഷമ പരിശോധനകള്‍ക്ക് ശേഷമാണ് ഫീസ് വര്‍ധനക്കുള്ള അപേക്ഷകളില്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തത്. അതേസമയം പല സ്‌കൂളുകളും ഫീസ് വര്‍ധനവിനുള്ള അപേക്ഷയോടൊപ്പം കാരണം വിശദീകരിച്ചു കൊണ്ടുള്ള മറ്റ് രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് അപേക്ഷകള്‍ നിരസിക്കാന്‍ കാരണമായതെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം 55 സ്വകാര്യ സ്‌കൂളുകള്‍ക്ക് രണ്ടു മുതല്‍ ഏഴു ശതമാനം വരെ ഫീസ് വര്‍ധനക്ക് അനുമതി നല്‍കിയിരുന്നു. കൂടുതല്‍ ശമ്പളം നല്‍കി നല്ല അധ്യാപകരെ നിയമിക്കുന്നതുള്‍പ്പടെ നടത്തിപ്പ് ചിലവുകള്‍ വന്‍തോതില്‍ ഉയര്‍ന്നത് ചൂണ്ടിക്കാണിച്ചാണ് സ്‌കൂള്‍ അധികൃതര്‍ ഫീസ് വര്‍ധനവാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍ രക്ഷിതാക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ആയതിനാല്‍ സ്‌കൂളുകളുടെ ആവശ്യം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ മന്ത്രാലയം തയാറായിട്ടില്ല. ഇതിനിടെ ഇന്ത്യന്‍ സ്‌കൂളുകളില്‍ മതിയായ സീറ്റുകള്‍ സീറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ രണ്ടു ഷിഫ്റ്റുകളിലായി സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടി സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിലായി സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ ഒരേ സ്‌കൂളില്‍ തന്നെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാവുമെന്ന കാര്യമാണ് ഇവര്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. പുതുതയായി ചില സ്‌കൂളുകള്‍ക്ക് കൂടി പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഖത്തറിലെ ഇന്ത്യന്‍ ജനസംഖ്യയുടെ അനുപാതമനുസരിച്ചു ഈ സീറ്റുകളും മതിയാവില്ലെന്നും ഇവര്‍ വിലയിരുത്തുന്നു.
