രാജ്യത്ത് ഈയിടെ നിലവില്‍ വന്ന പുതിയ തൊഴില്‍ താമസാനുമതി നിയമത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് വിദേശ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാവുന്ന ഭേദഗതികളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.തൊഴിലുടമക്ക് സ്വന്തമായി തൊഴില്‍ നല്‍കാനായില്ലെങ്കില്‍ മറ്റൊരു തൊഴിലുടമയ്ക്ക് കീഴില്‍ ജോലി ചെയ്യാന്‍ തൊഴിലാളിയെ അനുവദിക്കുന്നതാണ് പുതിയ നിര്‍ദേശം. തൊഴില്‍ കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞാലോ തുറന്ന കരാറുകളില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയായാലോ മറ്റൊരു ജോലിയിലേക്ക് മാറാന്‍ പുതിയ തൊഴില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. നിലവില്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് മടങ്ങിയ പലരും രണ്ടു വര്‍ഷത്തെ വിലക്കില്ലാതെ തിരിച്ചുവന്ന് പുതിയ ജോലിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.ഖത്തറില്‍ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ തുടര്‍ച്ചയായി ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്ത് തുടര്‍ന്നാല്‍ നിശ്ചിത തുക പിഴയടച്ചു ഒരു വര്‍ഷത്തിനുള്ളില്‍ മടങ്ങിയെത്താനാകും. നേരത്തെയുള്ള ഈ നിബന്ധന പുതിയ നിയമത്തിലും തുടരും. രാജ്യത്ത് പ്രവേശിച്ച ശേഷം മെഡിക്കല്‍ പൂര്‍ത്തിയാക്കി പുതിയ റെസിഡന്‍സ് പെര്‍മിറ്റ് നേടുന്നതിനുള്ള പരമാവധി കാലാവധി 90 ദിവസമായി തന്നെ തുടരും. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പാസ്‌പോര്‍ട്ട് തൊഴിലാളിക്ക് തിരിച്ചു നല്‍കണമെന്നാണ് നിയമം. തൊഴിലുടമ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് കൈവശം വെക്കുന്നത് കുറ്റകരമാണെന്നും അത്തരം പരാതികള്‍ ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.