ദോഹ: ഖത്തറില്‍ വേതന സംരക്ഷണ നിയമം പാലിക്കാത്ത കാല്‍ ലക്ഷത്തിലധികം സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി. ജീവനക്കാരുടെ വേതനം ബാങ്ക് അക്കൌണ്ടുകള്‍ വഴി വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
രാജ്യത്തെ വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനും വേതനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും കഴിഞ്ഞ നവംബറിലാണ് വേതന സുരക്ഷാ നിയമം സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്.അമീര്‍ അംഗീകാരം നല്‍കിയ കരടു നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു ആറു മാസത്തിനകം രാജ്യത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളും പദ്ധതി നടപ്പിലാക്കണമെന്നായിരുന്നു വ്യവസ്തയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വീണ്ടും സാവകാശം അനുവദിച്ചിരുന്നു.
എന്നാല്‍ ഈ കാലയളവ് കഴിഞ്ഞിട്ടും നിയമം പാലിക്കാത്ത കമ്പനികള്‍ക്കെതിരെയാണ് തൊഴില്‍ മന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിച്ചത്. കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയ ഇരുപത്തി അയ്യായിരം സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകള്‍ അനുവദിക്കുന്നതും കരാര്‍ അറ്റസ്റ്റേഷന്‍, ഓഹരി കൈമാറ്റം, ജീവനക്കാരുടെ തൊഴില്‍ മാറ്റം തുടങ്ങി തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും മരവിപ്പിച്ചിട്ടുണ്ട്.എന്നാല്‍ നിലവിലുള്ള ജീവനക്കാരുടെ ഇമിഗ്രേഷന്‍, എക്‌സിറ്റ് പെര്‍മിറ്റ്,താമസ വിസ പുതുക്കല്‍ തുടങ്ങി.
ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ തുടര്‍ന്നും അനുവദിക്കും. ആദ്യഘട്ടമെന്ന നിലയിലാണ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയാതെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും സൂചന ലഭിച്ചിട്ടുണ്ട്. പല കമ്പനികളും തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ മാത്രമാണ് തങ്ങളെ കരിമ്പട്ടികയില്‍ പെടുത്തിയ വിവരം അറിയുന്നത്.
കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 83,200 സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ കൂടുതലും ചെറിയ കമ്പനികളാണ്. നിയമം ഗൌരവത്തിലെടുക്കാത്ത കമ്പനികളാണ് ഇപ്പോള്‍ വെട്ടിലായത്. കൂടാതെ ബാങ്കുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വരുന്ന കാലതാമസവും കമ്പനികള്‍ക്ക് തിരിച്ചടിയായതായാണ് സൂചന.
, ,,
