ഖത്തര്‍: അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു മേശക്കു ചുറ്റുമിരുന്നു പറഞ്ഞു തീര്‍ക്കാനാണ് ഖത്തര്‍ തലപര്യപ്പെടുന്നതെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രി. രണ്ടാഴ്ച മുന്‍പ് റിയാദില്‍ നടന്ന ഇസ്ലാമിക രാജ്യങ്ങളുടെയും അമേരിക്കയുടെയും സംയുക്ത സമ്മേളനത്തിനിടെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അമേരിക്കന്‍ പ്രെസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയില്‍ ഖത്തറിനെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
തീവ്രവാദ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ മികച്ച നയതന്ത്ര പങ്കാളിയെന്നാണ് ട്രംപ് ഖത്തറിനെ വിശേഷിപ്പിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ കാര്യങ്ങള്‍ എങ്ങനെ മാറി മറിഞ്ഞു വെന്ന് തങ്ങള്‍ക്കറിയില്ലെന്നും ബിബിസിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ വിദേശ കാര്യ മന്ത്രി വ്യക്തമാക്കി. ഇതിനിടെ ഖത്തറിന്റെ പരമാധികാരത്തെ തകര്‍ക്കുന്ന യാതൊരു വിധ തീരുമാനങ്ങളും അംഗീകരിക്കില്ലെന്നും ഖത്തര്‍ അമീറിന്റെ എല്ലാ നിലപാടുകള്‍ക്കും തങ്ങള്‍ പരിപൂര്‍ണ പിന്തുണ അറിയിക്കുന്നതായും ഇന്ന് ചേര്‍ന്ന ഖത്തര്‍ കാബിനറ്റ് യോഗം പ്രഖ്യാപിച്ചു.
ഖത്തറിനെതിരെ ചില ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത് കേട്ട് കേട്ടുകേള്‍വിയുടെയും നുണപ്രചാരണങ്ങളുടെയും മാത്രം അടിസ്ഥാനത്തിലാണ്. ജനങ്ങളുടെ സാധാരണ ജീവിതത്തെ തകര്‍ക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ നിന്നും ആളുകള്‍ വിട്ടു നില്‍ക്കണമെന്നും കാബിനറ്റ് ആവശ്യപ്പെട്ടു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധത്തിലൂടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റിയും അഭിപ്രായപ്പെട്ടു.
സൗദി, യു.എ.ഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലുള്ള ഖത്തറികളില്‍ നിന്നും പ്രവാസികളില്‍ നിന്നും തങ്ങളുടെ അവകാശം ലംഘിക്കപ്പെട്ടതായുള്ള പരാതികള്‍ ലഭിച്ചതായും അന്താരാഷ്ട്ര സമൂഹവും സ്ഥാപനങ്ങളും ഇടപെട്ട് ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും ദേശീയ മനുഷ്യാവകാശ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
