കോഴിക്കോട്: ഖത്തറുമായി ചില ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിഛേദിച്ചത് കേരളത്തില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരേയും ബാധിക്കുന്നു. ഖത്തര്‍ എയര്‍വേയ്സില്‍ സൗദി അറേബ്യയിലേക്ക് ഉംറക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ആശങ്കയില്‍ ആയിരിക്കുന്നത്.കേരളത്തില്‍ നിന്ന് ധാരാളം തീര്‍ത്ഥാടകര്‍ ഉംറയ്‌ക്കായി സൗദി അറേബ്യയിലേക്ക് പോകുന്നത് റമസാന്‍ മാസത്തിലാണ്. ഖത്തറുമായി സൗദി നയതന്ത്ര ബന്ധം വിഛേദിച്ചത് ഉംറ തീര്‍ത്ഥാടകരേയും ബാധിച്ചിരിക്കുകയാണിപ്പോള്‍.
ഉംറയ്‌ക്കായി ഖത്തര്‍ എയര്‍വേയ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെ ഗ്രൂപ്പുകളാണ് ആശങ്കയിലായിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്സിന് സൗദിയില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ അനുമതിയില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തി വച്ചതോടെ ഉംറ തീര്‍ത്ഥാടകര്‍ കൂടുതലായി ആശ്രയിക്കുന്നത് ഖത്തര്‍ എയര്‍വേയ്സിനെയാണ്. സൗദി എയര്‍ലൈന്‍സ് അടക്കമുള്ളവയ്‌ക്ക് ഇപ്പോള്‍ കരിപ്പൂരില്‍ നിന്ന് സര്‍വീസ് ഇല്ല എന്നത് തന്നെ കാരണം.
ഉംറയ്‌ക്കായി ഖത്തര്‍ എയര്‍വേയ്സില്‍ എത്തിയ നൂറുകണക്കിന് മലയാളികള്‍ ഇപ്പോല്‍ സൗദി അറേബ്യയിലുണ്ട്. വിവിധ വിസിറ്റ് വിസകളില്‍ സൗദിയില്‍ എത്തി തിരിച്ചുവരാന് നില്‍ക്കുന്നവരും നിരവധി. എന്നാല്‍ ഖത്തര്‍ എയര്‍വേയ്സില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്രാ സൗകര്യമൊരുക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരിച്ച് വേണ്ടവര്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടുമുണ്ട്.
