സംരക്ഷിത ഭവനം എന്നര്‍ത്ഥം വരുന്ന ബൈത്തുല്‍ അമാന്‍ എന്ന പേരില്‍ സ്ഥാപിക്കുന്ന കേന്ദ്രം ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ ഇതിനുള്ള കെട്ടിടം പൂര്‍ത്തിയായതായും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. അപകടങ്ങളെ തുടര്‍ന്നുള്ള ആശുപത്രി ചികിത്സക്ക് ശേഷം ആരോഗ്യം വീണ്ടടുക്കുന്നതു വരെയുള്ള കാലയളവില്‍ വിദേശ തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ഇവിടെ താമസിക്കാനാവും. ഹമദ് ആശുപത്രിയില്‍ നിന്നുള്ള ആരോഗ്യ പരിചരണത്തിന് പുറമെ രോഗികള്‍ക്ക് മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാനും ഇവിടെ സൗകര്യമുണ്ടാകും.
രാജ്യത്തെ വിദേശ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള വിവിധ നടപടികളുടെ ഭാഗമായാണ് പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നത്. തൊഴിലാളികള്‍ക്ക് മാത്രമായി സ്ഥാപിക്കുന്ന പുതിയ മൂന്നു ആശുപത്രികളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. വ്യവസായ മേഖല,മിസൈദ്, റാസ്അല്‍ അഫാന്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ആശുപത്രികള്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. തൊഴിലാളികളുടെ സുരക്ഷക്കായി ജോലി സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ ജോലിക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.ഇതിനിടെ,പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉച്ച വിശ്രമം ഈ മാസം 31ന് സമാപിക്കും.
