ഇന്ത്യൻ വിസ അപേക്ഷകൾ, കുട്ടികൾക്കുള്ള പുതിയ പാസ്പോർട്ട്, പാസ്പോർട്ട് പുതുക്കൽ, പി സി സി, അറ്റസ്റ്റേഷൻ തുടങ്ങി ഇന്ത്യൻ എംബസിയും ഐസിസി യും നടത്തി വരുന്ന സേവനങ്ങൾ സ്വകാര്യ കമ്പനിയെ ഏൽപിക്കാനാണ് തീരുമാനം. ഖത്തർ ഒഴികെയുള്ള മിക്ക ഗൾഫ് രാജ്യങ്ങളിലും ഇത്തരം സേവനങ്ങൾ പുറം കരാർ നൽകുന്ന രീതിയാണ് നിലവിലുള്ളത്. എംബസിയുമായി ഉണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും കമ്പനിയെ ഇതിനായി ചുമതലപ്പെടുത്തുകയെന്ന് എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതിനായി ഈ മേഖലയിൽ പരിചയ സമ്പത്തും യോഗ്യതയുമുള്ള കമ്പനികളിൽ നിന്നാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

രാജ്യത്ത് മൂന്ന് കേന്ദ്രങ്ങളിലായാണ് സേവന കേന്ദ്രങ്ങൾ ആരംഭിക്കുകയെന്ന് ഇന്ത്യൻ സ്ഥാനപതി പി കുമരൻ നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. സർവീസ് ചാർജ് ഈടാക്കിയാണ് കമ്പനികൾ സേവനം അനുവദിക്കുക. കുറഞ്ഞത് 10 റിയാൽ സർവീസ് ചാർജ് ഈടാക്കുമെന്നാണ് വിവരം. എംബസിയിലെ ജീവനക്കാരെ കുറക്കുന്നതിനും തിരക്ക് കുറക്കുന്നതിനുമൊപ്പം പൊതുജനങ്ങൾക്ക് അവരുടെ ഏറ്റവും അടുത്ത പ്രദേശങ്ങളിൽ തന്നെ സേവനം ലഭ്യമാക്കാനും ഇതുവഴി കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

അതേസമയം സേവനങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം എംബസിക്കായതിനാൽ ചില നിർണായക സേവനങ്ങൾക്ക് എംബസിയിൽ നേരിട്ട് ഹാജരാകേണ്ടി വരും. നിലവിൽ സേവനം നൽകിവരുന്ന ഐസിസി കേന്ദ്രം തുടരുന്ന കാര്യം പുതിയ കരാർ കമ്പനിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അംബാസിഡർ പറഞ്ഞു.