ഖത്തര്‍: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ മറ്റ് രാജ്യക്കാര്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. മതിയായ സീറ്റുകള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ഖത്തറിലെ പതിനാറോളം ഇന്ത്യന്‍ സ്‌കൂളുകളിലും ആവശ്യത്തിന് സീറ്റുകളില്ലെന്ന ദീര്‍ഘനാളത്തെ പരാതി തുടരുന്നതിനിടെയാണ് ഇക്കാര്യത്തില്‍ പ്രവാസി ഇന്ത്യക്കാരെ സഹായിക്കുന്ന നിലപാടുമായി വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തിയത്.

പുതിയ അധ്യയന വര്‍ഷത്തില്‍ ഇന്ത്യക്കാരായ കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന് ഒടുവില്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച് മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂള്‍ ഓഫീസ് ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. അതേസമയം നിലവില്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ഇന്ത്യക്കാരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നിര്‍ദേശം ബാധകമാവില്ല. അടുത്ത അധ്യയന വര്‍ഷത്തേക്ക് പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുന്ന നിരവധി ഇന്ത്യന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം ഗുണം ചെയ്യും. 

അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പെടെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രവേശനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രാലയം തീരുമാനിച്ചത്.അതേസമയം പുതിയ നിയന്ത്രണം സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ മാനേജ്‌മെന്റുകള്‍ അറിയിച്ചു.