ഖത്തറിലെ പുതിയ തൊഴിൽ നിയമത്തിൻറെ ആനുകൂല്യം പ്രയോജനപ്പെടുത്തി അയ്യായിരത്തി ഒരുന്നൂറിലധികം പേർ പുതിയ ജോലിയിൽ പ്രവേശിച്ചു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിലെ ചൂഷണങ്ങൾ തടയാൻ 36 രാജ്യങ്ങളുമായി ഉഭയകക്ഷി കരാർ ഒപ്പുവെച്ചതായും തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു.

വിദേശ തൊഴിലാളികൾക്ക് സ്പോൺസർഷിപ് മാറ്റം അനുവദിച്ചു കൊണ്ടുള്ള ഭേദഗതികളോടെയുള്ള താമസ കുടിയേറ്റ നിയമം കഴിഞ്ഞ ഡിസംബറിലാണ് പ്രാബല്യത്തിൽ വന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം നിലവിൽ വന്ന ഭേദഗതികൾ മൂന്നു മാസങ്ങൾക്കകം തന്നെ നിരവധി പേർ പ്രയോജനപ്പെടുത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊഴിൽ കരാർ കാലാവധി കഴിഞ്ഞവരും നേരത്തെയുണ്ടായിരുന്ന ജോലിയിൽ അഞ്ചു വർഷം പൂർത്തിയാക്കിയവരുമാണ് പുതിയ നിയമത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി പുതിയ ജോലിയിലേക്ക് മാറിയത്.

നിശ്ചിത കാലത്തേക്കുള്ള കരാർ ആണെങ്കിൽ കാലാവധി അവസാനിക്കുന്നതിന് മുപ്പത് ദിവസം മുമ്പ് ജോലി മാറ്റത്തിന് അപേക്ഷിക്കണമെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തുറന്ന കരാർ ആണെങ്കിൽ അഞ്ചു വർഷം പൂർത്തിയാകുമ്പോൾ മുപ്പതു ദിവസം മുമ്പും അഞ്ചു വർഷം കഴിഞ്ഞവരാണെങ്കിൽ അറുപതു ദിവസം മുമ്പും ജോലി മാറ്റത്തിനായി അപേക്ഷിക്കണം. നിയമം നടപ്പിലായി ആദ്യത്തെ രണ്ടു മാസത്തിനകം ഒരുലക്ഷത്തി എൺപത്തി നാലായിരത്തോളം എക്സിറ്റ് പെർമിറ്റുകളാണ് അനുവദിച്ചത്. എക്സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള എക്സിറ്റ് പെർമിറ്റ് ഗ്രീവൻസസ് കമ്മറ്റിക്ക് മുമ്പാകെ ഇക്കാലയളവിൽ 761 പരാതികൾ ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ഇതിൽ 485 പേർക്ക് തർക്കങ്ങൾ പരിഹരിച്ചു 72 മണിക്കൂറിനകം എക്സിറ്റ് അനുവദിച്ചതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ സൂചിപ്പിക്കുന്നു. തൊഴിൽ പരിഷ്കരണത്തിന്റെ കാര്യത്തിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നു എന്നതിന്റെ തെളിവാണ് ആദ്യ രണ്ടു മാസം അനുവദിച്ച എക്സിറ്റ് പെർമിറ്റുകളുടെ എണ്ണമെന്ന് തൊഴിൽ മന്ത്രി ഡോ.ഈസ ബിൻ സഅദ് അൽജഫാലി അൽ നുഐമി പറഞ്ഞു.