ദോഹ: വീണ്ടും എ.ടി.എം തട്ടിപ്പ്. ഖത്തറില്‍ പ്രവാസി മലയാളിയായ ആയിഷ ഷെഫിയുടെ ഐസിഐസി ബാങ്കിന്റെ കായംകുളം അകൗണ്ടില്‍ നിന്നാണ് ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് രണ്ടു തവണകളായി 8143 രൂപ വീതം നഷ്ടപ്പെട്ടത്. പണം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ജനങ്ങളെ നിര്‍ബന്ധിക്കുമ്പോഴും നമ്മുടെ പണം ബാങ്കുകളില്‍ എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്കയാണ് ഇതുയര്‍ത്തുന്നത്.

എ.ടി എം വഴി പരമാവധി രണ്ടായിരം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിബന്ധന നിലനില്‍ക്കെയാണ് ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ഷെഫിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ 8143 രൂപ 39 പൈസ വീതം രണ്ടു തവണകളിലായി മൊത്തം പതിനാറായിരത്തി ഇരുന്നൂറിലധികം രൂപയാണ് നഷ്ടപ്പെട്ടത്. എ.ടി.എം കാര്‍ഡ് തങ്ങളുടെ കൈവശമായതിനാല്‍ മൊബൈലില്‍ സന്ദേശം വന്നയുടന്‍ നാട്ടിലെ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്ന് അയിഷയുടെ ഭര്‍ത്താവ് ഷെഫി പറയുന്നു.

വിദേശത്തു നിന്ന് പണം പിന്‍വലിക്കുമ്പോഴുള്ള കമ്മീഷന്‍ തുക ഉള്‍പ്പെടെയായിരിക്കാം ഇങ്ങനെയൊരു സംഖ്യ വന്നതെന്നാണ് നിഗമനം. ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ നാട്ടില്‍ പോലീസില്‍ പരാതി നല്‍കണമെന്നും അതിനു ശേഷം പരിശോധിച്ചു നടപടിയെടുക്കാമെന്നുമാണ് ഇവര്‍ക്ക് ലഭിച്ച മറുപടി. ഖത്തറിലെ പല മലയാളികള്‍ക്കും നേരത്തെ മറ്റ് ചില ബാങ്കുകളില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പ്രവാസികളുടെ പണം നഷ്ടപ്പെടുമ്പോള്‍ ബാങ്കുകള്‍ നിരുത്തരവാദപരമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്.