അമേരിക്കന്‍ മാധ്യമങ്ങള്‍ ഖത്തറിനെതിരെ വ്യാപകമായ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി ആരോപിച്ചു. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട ദിവസം തന്നെ ഖത്തറിലെ ചില സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമേരിക്കയില്‍ പ്രത്യേക കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ സോമാലിയന്‍ വിദേശകാര്യ മന്ത്രിയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി ഖത്തറിനെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തുന്ന ദുഷ്‌ടലാക്കോടെയുള്ള നീക്കങ്ങളെ കുറിച്ച് തുറന്നടിച്ചത്. കഴിഞ്ഞ അഞ്ചു ആഴ്ചകള്‍ക്കുള്ളില്‍ പതിമൂന്നോളം മുഖപ്രസംഗങ്ങളാണ് ഖത്തറിനെതിരെ തെറ്റിദ്ധാരണകള്‍ പരത്തുന്ന വിധത്തില്‍ പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട ദിവസം തന്നെ ഖത്തറുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ ചര്‍ച ചെയ്യാന്‍ അമേരിക്കയില്‍ ചിലര്‍ ഒത്തുചേര്‍ന്നത് യാദൃശ്ചികമാണെന്നു കരുതാനാവില്ലെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പ്രാതിനിധ്യമില്ലാതെ പ്രത്യേക കൂടിക്കാഴ്ചകള്‍ നടന്ന അതേ ദിവസം വൈകുന്നേരമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.
ക്യു.എന്‍.എ സൈറ്റില്‍ വ്യാജമായി ചേര്‍ത്ത ഉള്ളടക്കം എഴുതിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ഖത്തറിനുള്ള സൗഹൃദത്തെ തകര്‍ക്കാനുള്ള ശ്രമമായിരുന്നു വെബ്‌സൈറ്റ് ഹാക് ചെയ്തതിലൂടെ ഗൂഢാലോചനക്കാര്‍ ലക്ഷ്യം വെച്ചത്. എന്നാല്‍ ഇത് ഗള്‍ഫ് രാജ്യങ്ങളുമായോ അമേരിക്കയുമായോ ഉള്ള ഖത്തറിന്റെ സൗഹൃദത്തെ ബാധിക്കില്ലെന്നും ഈ രാജ്യങ്ങളുമായെല്ലാം സംഭവത്തിനു ശേഷം ആശയ വിനിമയങ്ങള്‍ നടന്നു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ചേര്‍ക്കപ്പെട്ട വിവാദ ഉള്ളടക്കം പിന്‍വലിക്കുകയും വ്യാജമാണെന്ന് അറിയിക്കുകയും ചെയ്ത ശേഷവും ചില മാധ്യമങ്ങള്‍ അവ പ്രസിദ്ധപ്പെടുത്തുന്നതും മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇക്കാര്യം ആശ്ചര്യമുണ്ടാക്കുന്നതാണെന്നും ഗള്‍ഫ് നാടുകളുമായി ഖത്തറിന് ഒരു പ്രശ്‌നവുമില്ലെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
