റിയാദ്: ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഇത്തവണ സൗദി രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കും. ഖത്തര്‍ തീര്‍ഥാടകര്‍ക്കായി സൗദി-ഖത്തര്‍ അതിര്‍ത്തി തുറക്കാനും, ദോഹയില്‍ നിന്നും സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്താനും സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിനോട് ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് സൗദിയിലെ സല്‍വാ അതിര്‍ത്തി അടച്ചത്.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് വേണ്ടി ഈ അതിര്‍ത്തി തുറക്കാനുള്ള കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ അഭ്യര്‍ത്ഥന സല്‍മാന്‍ രാജാവ് അംഗീകരിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദയില്‍ വെച്ച് സൗദി കിരീടാവകാശിയുമായി ഖത്തര്‍ പ്രതിനിധി ഷെയ്ഖ് അബ്ദുള്ള ബിന്‍ അലി ബിന്‍ അബ്ദുള്ള ബിന്‍ ജാസിം അല്‍താനി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ നടപടി.
സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ കൊണ്ട് വരാനും സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി. സല്‍മാന്‍ രാജാവിന്റെ ചെലവിലായിരിക്കും ദോഹയില്‍ നിന്നും തീര്‍ഥാടകരെ ജിദ്ദാ വിമാനത്താവളത്തില്‍ എത്തിക്കുക. സല്‍വാ അതിര്‍ത്തി വഴി വരുന്നവര്‍ക്ക് ദമാം, അല്‍ ഹസ വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദയിലേക്ക് വരാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ഹജ്ജ് വിസ ഇല്ലാതെ തന്നെ ഖത്തര്‍ പൌരന്മാര്‍ക്ക് ഹജ്ജിനുള്ള അനുമതി നല്‍കാനുള്ള നിര്‍ദേശവും സല്‍മാന്‍ രാജാവ് അംഗീകരിച്ചു.
ഉപരോധം തുടരുന്നുണ്ടെങ്കിലും സൗദി രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കുന്നവരുടെ കൂട്ടത്തില്‍ ഖത്തര്‍ പൌരന്മാരെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഇത്തവണ. സൌദിയുമായി ഖത്തറിന് ചരിത്രപരമായ സാഹോദര്യ ബന്ധമാണ് ഉള്ളതെന്ന് അബ്ദുള്ള അല്‍താനി പറഞ്ഞു. നയതന്ത്ര പ്രശ്‌നങ്ങള്‍ ഹജ്ജ് ഉംറ തീര്‍ഥാടകരെ ബാധിക്കില്ലെന്ന് നേരത്തെ സൗദി വ്യക്തമാക്കിയിരുന്നു.
