ഖത്തറിൽ സ്വകാര്യ സ്‌കൂളുകളിലെ സീറ്റുക്ഷാമം പരിഹരിക്കാൻ പുതിയ നടപടി. സ്കൂളുകൾ നിര്‍മ്മിക്കാന്‍ 41 കമ്പനികൾക്ക് സർക്കാർ ഭൂമി അനുവദിക്കും. വിദ്യാഭ്യാസ മന്ത്രാലയവുമായി ഖത്തർ ചേംബർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
രാജ്യത്തെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചുരുങ്ങിയ വിലയ്ക്ക് വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപകർക്ക് ഭൂമി നൽകാനാണ് തീരുമാനം. കുട്ടികളുടെ പ്രവേശന കാര്യത്തിൽ സീറ്റുകളുടെ ലഭ്യതയും ആവശ്യവും തമ്മിലുള്ള അന്തരം പരിഹരിക്കാൻ സ്വകാര്യ മേഖലയിൽ കൂടുതൽ സ്‌കൂളുകൾ അനുവദിക്കുന്നതിലൂടെ കഴിയുമെന്ന് ഖത്തർ ചേംബർ അംഗം മുഹമ്മദ് ബിൻ അഹമ്മദ് അൽ ഉബൈദലി വ്യക്തമാക്കി.
ഒരു പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിനിടെ രാജ്യത്തെ ഏതാനും ഇന്ത്യൻ സ്‌കൂളുകളിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. പേൾ സ്‌കൂൾ വെസ്റ്റ് ബേ കാമ്പസിലാണ് പുതുതായി കുട്ടികളെ പ്രവേശിപ്പിക്കാൻ നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്. രക്ഷിതാക്കളുടെ അഭ്യർത്ഥന കണക്കിലെടുത്ത് എം ഇ എസ് ഇന്ത്യൻ സ്‌കൂളിലും ഐഡിയൽ സ്‌കൂളിലും കെ ജി വൺ ക്ലാസുകളിലേക്ക് പരിമിതമായ സീറ്റുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഐഡിയൽ സ്‌കൂളിൽ മാത്രം നൂറു കുട്ടികൾക്ക് കൂടി ഇത്തരത്തിൽ അധിക പ്രവേശനം അനുവദിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു.
