പതിവില്‍ നിന്ന് മാറി ഇത്തവണ 80 ദിവസം നീണ്ട അവധിക്കാലം നാട്ടില്‍ ചെലവഴിച്ചാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ ഖത്തറില്‍ തിരിച്ചെത്തിയത്. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി രാജ്യത്തെ മാളുകളിലും സ്റ്റേഷനറി സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കനുഭവപ്പെട്ടു. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി പ്രത്യേക കാമ്പയിനും സംഘടിപ്പിച്ചിരുന്നു. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അമിതവ്യയം ഒഴിവാക്കണമെന്നായിരുന്നു പ്രധാന നിര്‍ദേശം. ഇതിനിടെ ബിര്‍ള പബ്ലിക് സ്‌കൂള്‍ ഉള്‍പ്പെടെ രാജ്യത്തെ ചില പ്രമുഖ ഇന്ത്യന്‍ സ്‌കൂളുകള്‍ ഇത്തവണ ഫീസ് വര്‍ധിപ്പിച്ചത് രക്ഷിതാക്കള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതകളുണ്ടാക്കും. സ്‌കൂളില്‍ പഠിക്കുന്ന രണ്ടും മൂന്നും കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് ഫീസ് വര്‍ദ്ധനവ് വലിയ തിരിച്ചടിയാവുക. നാളെ മുതല്‍ ഖത്തറിലെ റോഡുകളില്‍ അനുഭവപ്പെടുന്ന തിരക്ക് മുന്നില്‍ കണ്ട് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. അതേസമയം നീണ്ട കാലാവധിക്ക് ശേഷം സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് പഠനാന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കുമെന്ന ആശങ്കയാണ് അധ്യാപകര്‍ പങ്കുവെക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ട് മിക്ക സ്‌കൂളുകളും വിപുലമായ സ്വാഗത പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.