പ്രവാസി മലയാളികള്‍ ഗള്‍ഫില്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നമ്മുടെ നാടിന്റെ കൂടി വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. നിറം മങ്ങുന്ന പ്രവാസ ജീവിതത്തിന്റെ ശേഷകാലം സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു. ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു
വെച്ചപ്പോള്‍ കേരളത്തില്‍ നിന്നെത്തിയ വിദഗ്ധര്‍ നിക്ഷേപത്തിനൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സാധ്യതകളും വിശദീകരിച്ചു. ദോഹ മാരിയറ്റ് ഹോട്ടല്‍, അല്‍ ഖോര്‍ റൊട്ടാന ഹോട്ടല്‍ എന്നിവിടങ്ങളിലായാണ് പരിപാടികള്‍ നടന്നത്.
മാരിയറ്റ് ഹോട്ടലില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍.കെ.സിംഗ് സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസികളായ നിക്ഷേപകര്‍ക്ക് ഖത്തറിലും ഇന്ത്യയിലും ആവശ്യമായ സഹായങ്ങളെല്ലാം നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. കേരളാ ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് വിഭാഗം റിട്ടയേഡ് അഡീഷണല്‍ ഡയറക്റ്റര്‍ എം.എ മജീദ്, കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ.വി.എം നിഷാദ് എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കി.
ചെറുകിട സംരംഭങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിച്ചു വരികയാണെന്നും ഈ മേഖലയില്‍ നിക്ഷേപം നടത്താന്‍ പ്രവാസികള്‍ ശ്രമിക്കണമെന്നും ഡോ.വി.എം നിഷാദ് ഓര്‍മിപ്പിച്ചു.
