സൗദിയടക്കമുള്ള പ്രാധനപ്പെട്ട അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത് ഓഹരി വിപണിയെയും ബാധിച്ചു. ഖത്തരി ഓഹരികള്‍ക്ക് ഏഴ് ശതമാനത്തിലധികം തകര്‍ച്ചയാണ് ഉണ്ടായത്. അതേസമയം ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വാതക വിതരണത്തില്‍ ഇപ്പോഴത്തെ പ്രതിസന്ധി ആഘാതം ഉണ്ടാക്കില്ലെന്ന് പെട്രോനെറ്റ് എല്‍.എന്‍.ജി വ്യക്തമാക്കി

ഈ മാസത്തെ ഏറ്റവും വലിയ വീഴ്ചയാണ് ഓഹരി വിപണിയില്‍ ഇന്നുണ്ടായത്. ഖത്തര്‍ ഓഹരി സൂചിക 7.97 ശതമാനം കുറഞ്ഞ് 9.152.21 ല്‍ അവസാനിച്ചു. ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ജനറേഷന്‍ സൂചിക 2.02 ശതമാനം കുറഞ്ഞ് 3,273.96ലും എത്തി. അബുദാബി സെക്യൂരിറ്റീസ് എക്‌സ്ചേഞ്ച് സൂചിക 0.54 ശതമാനം ഇടിഞ്ഞ് 4,458.84 ലാണുള്ളത്. സൌദി അറേബ്യയിലെ തദാവൂല്‍ സൂചിക 0.52 ശതമാനം ഇടിഞ്ഞ് 6,891.61 ലെത്തി. ഖത്തരി ഓഹരികള്‍ക്ക് ഏഴ് ശതമാനത്തിലധികം തകര്‍ച്ചയാണ് ഉണ്ടായത്.

മറ്റൊരു പ്രധാന ആശങ്ക ഖത്തറില്‍ നിന്നുള്ള വാതക വിതരണത്തിന്റെ കാര്യത്തിലാണ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ വാതക ശേഖരമുള്ള രാജ്യമാണ് ഖത്തര്‍. എന്നാല്‍ പേടിക്കേണ്ടതായി യാതൊന്നും പുതിയ സാഹചര്യങ്ങളില്‍ ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്. ഖത്തറില്‍ നിന്നുള്ള വാതക വിതരണത്തില്‍ ഇപ്പോഴത്തെ പ്രതിസന്ധി കാര്യമായൊരു ആഘാതം ഉണ്ടാക്കില്ലെന്നാണ് പെട്രോനെറ്റ് എല്‍.എന്‍.ജി പറയുന്നത്. ഒരുവര്‍ഷം ഖത്തറില്‍ നിന്നും പെട്രോനെറ്റ് ഇറക്കുമതി ചെയ്യുന്ന എല്‍.എന്‍.ജി 8.5 മില്യണ്‍ ടണ്ണാണ്. കടലില്‍ നിന്നും ഖത്തര്‍ നേരിട്ട് നമുക്ക് വിതരണം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഈ കാര്യത്തില്‍ ഇന്ത്യയെ ബാധിക്കില്ലെന്ന് പെട്രോനെറ്റ് ഫിനാന്‍സ് ഹെഡ് ആര്‍.കെ ഗാര്‍ഗ് വ്യക്തമാക്കി.