രാജ്യം കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ വേനലിനു നിറം പകരാന്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ വേനലിനു നിറം പകരൂ എന്ന തലക്കെട്ടു നല്‍കിയ ആഘോഷ പരിപാടികള്‍ രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ആയിരങ്ങളാണ് വൈകുന്നേരങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നത്. വ്യത്യസ്തമായ സംഗീത പരിപാടികള്‍, ഹാസ്യ പരിപാടികള്‍,സര്‍ക്കസ് തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കൗതുകം പകരുന്ന വിനോദ പരിപാടികളാണ് അരങ്ങേറുന്നത്. കുട്ടികള്‍ക്കായുള്ള വ്യത്യസ്തമായി പരിപാടികളുമായി സജ്ജമാക്കിയ എന്റര്‍ടൈന്‍മെന്റ് സിറ്റിയാണ് ഇത്തവണത്തെ പ്രത്യേകത.
എല്ലാ ദിവസവും ഉച്ചയ്‌ക്ക് രണ്ടു മുതല്‍ വൈകീട്ട് ഒന്‍പതര വരെ ഇവിടെ പ്രവശനം ലഭിക്കും. കുട്ടികളെ ആകര്‍ഷിക്കാന്‍ കളര്‍ യുവര്‍ എന്ന പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററാണ് ആഘോഷങ്ങളുടെ പ്രധാന വേദി. ഖത്താറ,സൂഖ് വാഖിഫ്, ആസ്‌പയര്‍ സോണ്‍ തുടങ്ങിയ കേന്ദ്രങ്ങളിലും വിവിധ പരിപാടികള്‍ നടക്കും.ഫെസ്റ്റിവലിന്റെ ഭാഗമായി പേള്‍ ഖത്തര്‍ ഉള്‍പ്പെടെ എട്ട് പ്രമുഖ വ്യാപാര കേന്ദ്രങ്ങളില്‍ ഷോപ്പിംഗ് പ്രൊമോഷനുകളും നടക്കും. ആഘോഷങ്ങളില്‍ പങ്കാളികളാകാന്‍ വരും ദിവസങ്ങളില്‍ ജിസിസി രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ പതിനായിരത്തില്‍ പരം വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
