ദോഹ: എണ്ണ ഉത്പാദനത്തിൽ പതിനൊന്നു ശതമാനം കുറവ് വരുത്താൻ ഖത്തർ തീരുമാനിച്ചു. ഉൽപാദനം നിയന്ത്രിക്കാനുള്ള ഒപെക് തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. രാജ്യാന്തര വിപണിയിൽ എണ്ണ വില സ്ഥിരപ്പെടുത്തുന്നതിന് ഉൽപാദനം നിയന്ത്രിക്കാനുള്ള ഒപെക് തീരുമാനം ദീർഘ നാളത്തെ കൂടിയാലോചനകൾക്ക് ശേഷമാണ് പ്രാബല്യത്തിൽ വരുന്നത്. ഒപെക് തീരുമാനം വന്നതിന് പിന്നാലെ ജനുവരി മുതൽ തന്നെ ഉൽപാദനം കുറക്കുമെന്ന് ഖത്തർ അറിയിച്ചിരുന്നു.

2016 നെ അപേക്ഷിച്ചു 2017 ജനുവരിയോടെ ഉൽപാദനത്തിൽ 11.43 ശതമാനം കുറവ് വരുത്താനാണ് ഖത്തറിന്റെ തീരുമാനം.ഒപെകിനു പുറമെ ഒപെക് ഇതര രാജ്യങ്ങളും ഉത്പാദനം കുറക്കാൻ തീരുമാനിച്ചതോടെ ആഗോള വിപണിയിൽ ആകെ നിയന്ത്രിക്കേണ്ട എണ്ണ വിതരണത്തിന്റെ അനുപാതത്തിലായിരിക്കും മറ്റ് രാജ്യങ്ങളും ഉൽപാദനത്തിൽ കുറവ് വരുത്തുക. ഇത് നടപ്പിലായാൽ ആഗോള വിപണിയിലെ മൊത്തവിതരണത്തിൽ പ്രതിദിനം 1.8 ദശലക്ഷം ബാരലിന്റെ കുറവുണ്ടാകും.

ഈ വർഷത്തെ ഖത്തർ ബജറ്റിൽ എണ്ണ വില ബാരലിന് 50 ഡോളറായാണ് കണക്കാക്കിയിരിക്കുന്നത്. ഇപ്പോൾ 50 ലധികം വില ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനം കുറയുന്നത് വഴിയുള്ള സാമ്പത്തിക നഷ്ടം അധിക വിലയായി ലഭിക്കുന്നതിലൂടെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ വില ഇപ്പോഴുള്ളതിൽ നിന്നും താഴേക്കു പോയാൽ ബജറ്റ് കണക്കു കൂട്ടലുകൾ പിഴച്ചേക്കുമെന്ന ആശങ്കയുമുണ്ട്.

അതേസമയം അടുത്ത വർഷം രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് അറുപത് ഡോളറിനു മുകളിൽ എത്തില്ലെന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ ഷെയ്ൽ ഓയിലിന്റെ സാന്നിധ്യമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ എണ്ണ വില ക്രമാതീതമായി താഴേക്കു പതിക്കുന്നതിന് ഒരു പരിധി വരെ തടയിടാൻ ഉത്പാദന നിയന്ത്രണം കൊണ്ട് കഴിയുമെന്ന പ്രതീക്ഷയിലാണ് ഒപെകും ഗൾഫ് രാജ്യങ്ങളും.