ദോഹ: ഖത്തറില്‍ ഈ വര്‍ഷം റമദാനില്‍ ചൂട് കഠിനമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പകലുകള്‍ക്ക് നീളം കൂടുന്നതോടൊപ്പം ചൂടും കഠിനമാകുന്നതോടെ ഈ വര്‍ഷത്തെ വ്രതാനുഷ്ഠാനം വിശ്വാസികള്‍ക്ക് കടുത്ത വെല്ലുവിളിയാകുമെന്നാണ് സൂചന. ജൂണ്‍ ആദ്യ വാരത്തില്‍ ആരംഭിക്കുന്ന റമദാനിലെ ആദ്യ നാളുകളിലായിരിക്കും ഏറ്റവും ദൈര്‍ഘ്യം കൂടിയ പകലുകള്‍. ഈ ദിവസങ്ങളില്‍ ഖത്തറിലും യു.എ.ഇ യിലും നോമ്പിന്റെ ദൈര്‍ഘ്യം 15 മണിക്കൂറിനു മുകളിലായിരിക്കും.
2012 നു ശേഷം വിശ്വാസികള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ നോമ്പനുഷ്‌ഠിക്കേണ്ടിവരിക ഈ വര്‍ഷമായിരിക്കുമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഖത്തറിലും ജി.സി.സി മേഖലയിലും ജൂണ്‍, ജൂലായ് മാസങ്ങളില്‍ സാധാരണയിലും ഉയര്‍ന്ന ചൂടനുഭവപ്പെടുമെന്നും കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമെന്നും ഖത്തര്‍ മീറ്ററോളജി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
അങ്ങനെ വന്നാല്‍ പകല്‍ സമയങ്ങളിലെ കടുത്ത ചൂട് നോമ്പെടുത്തു പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കടുത്ത വെല്ലുവിളിയാകും. റമദാനില്‍ മുസ്ലീം ജീവനക്കാരുടെ തൊഴില്‍ സമയങ്ങളില്‍ കുറവ് വരുത്തുന്നതോടോപ്പം ഇവര്‍ക്ക് ഉച്ച വിശ്രമത്തിന് പ്രത്യേക സൗകര്യം ഒരുക്കണമെന്നും തൊഴില്‍ മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിക്കാറുണ്ട്. ഇതോടൊപ്പം പുറം ജോലികളില്‍ ഏര്‍പെടുന്നവര്‍ക്കുള്ള മധ്യാഹ്ന വിശ്രമ നിയമം ജൂണ്‍ പതിനഞ്ചോടെ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
