ദോഹ: തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുള്ള കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്‌സനും ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനിയുമാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അനുരഞ്ജനശ്രമങ്ങൾക്കായാണ് റെക്സ് ടില്ലേഴ്സൻ ദോഹയിലെത്തിയത്.

ഇന്നലെ ദോഹയിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് ഭീകരസംഘടനകൾക്കുള്ള സാമ്പത്തിക സഹായം തടയുന്നതിനും തീവ്രവാദത്തിനെതിരായ പോരാട്ടം ഊർജിതമാക്കുന്നതിനുമുള്ള കരാറിൽ ഇരു നേതാക്കളും ഒപ്പുവെച്ചത്. ഭീകരതക്കെതിരായ വിവരങ്ങൾ പരസ്പരം കൈമാറുകയും അന്താരാഷ്ട്ര ഭീകരതാ വിരുദ്ധ സ്ഥാപനങ്ങളെ വികസിപ്പിക്കുകയും ചെയ്‌യുന്നതിനുള്ള പരസ്പര ധാരണയാണ് കരാറിൽ പ്രധാനമായും വ്യവസ്ഥ ചെയ്‌യുന്നത്‌. 

എന്നാൽ ഇപ്പോഴുണ്ടാക്കിയ കരാറിന് നിലവിലെ ഗൾഫ് പ്രതിസന്ധിയുമായി ബന്ധമില്ലെന്നും കഴിഞ്ഞ മെയിൽ നടന്ന റിയാദ് ഉച്ചകോടിയുടെ ഭാഗമായാണ് കരാറിൽ ഒപ്പുവെച്ചതെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹിമാൻ അൽതാനി വ്യക്തമാക്കി. ഭീകരസംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന ആരോപണം ചിലർ ഉന്നയിക്കുമ്പോഴും ഭീകരതക്കെതിരെയുള്ള പോരാട്ടത്തെ ലക്ഷ്യമാക്കിയുള്ള ഇത്തരമൊരു കരാറിൽ ഒപ്പുവെക്കുന്ന രാജ്യം ഖത്തറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കയും ഖത്തറും തമ്മിലുണ്ടാക്കിയ കരാർ അപര്യാപ്തമാണെന്ന് സൗദി സഖ്യരാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. 

തങ്ങളുടെ ഉപാധികൾ അംഗീകരിക്കുന്നത് വരെ ഖത്തറിനെതിരെയുള്ള ഉപരോധം തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫ് പ്രതിസന്ധിയിൽ ഖത്തറിന്റെ നിലപാട് യുക്തിസഹവും കൃത്യതയുള്ളതുമാണെന്ന് താൻ മനസിലാക്കിയതായി നേരത്തെ അമീറുമായി നടത്തിയ കൂടിക്കാഴ്ചയിൽ റെക്സ് ടില്ലേഴ്സൻ അഭിപ്രായപ്പെട്ടിരുന്നു. 

ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അനുരഞ്ജന ചർച്ചകൾക്കായി ദോഹയിലെത്തിയ റെക്സ് റ്റില്ലേഴ്‌സൻ നാല് ഉപരോധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇന്ന് റിയാദിൽ കൂടിക്കാഴ്ച നടത്തും.