മുത്തുവാരിയും മല്‍സ്യബന്ധനം നടത്തിയും ജീവിതം നയിച്ചിരുന്ന പഴയ തലമുറയില്‍ പത്തേമാരികള്‍ജീവിതത്തിന്റെ ഭാഗമായിരുന്നു. നാഗരിക വളര്‍ച്ചയുടെ നാള്‍വഴികളില്‍ വിനോദയാത്രക്കും ആഢംബരത്തിനും ഉള്‍പെടെ പത്തേമാരികള്‍ സജീവമായി രംഗത്തുണ്ടെങ്കിലും പ്രതിസന്ധികള്‍ നിറഞ്ഞ പൂര്‍വകാല ജീവിതത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ കൂടിയാണ് അറബ് സമൂഹം പത്തേമാരികളെ കാണുന്നത്. ഈ പാരമ്പര്യം പുതുതലമുറയിലിലേക്കെത്തിക്കുകയെന്ന വലിയ ലക്ഷ്യവുമായാണ് തുടര്‍ച്ചയായ ആറാം വര്‍ഷവും ഉരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഇന്നലെ വൈകീട്ട് ഖത്താറയില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.
ഇന്ത്യയില്‍ നിന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള 250 ലേറെ ഉരു നിര്‍മാതാക്കളും പ്രതിനിധികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.

പ്രദര്‍ശനത്തോടനുബന്ധിച്ച് ഇത്തവണ കൂടുതല്‍ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. മുത്തുവാരല്‍ മത്സരം നാളെ വൈകീട്ട് നാല് മണിക്ക് നടക്കും. ബോട്ടു യാത്രകള്‍, നാടന്‍ ഭക്ഷ്യ ശാലകള്‍, പരമ്പരാഗത ഉല്‍പന്നങ്ങളുടെ സ്റ്റാളുകള്‍ എന്നിവക്ക് പുറമെ എല്ലാ ദിവസവും സംഗീത പരിപാടികളും അരങ്ങേറും.