ഖത്തര്‍: ഉപരോധമുണ്ടാക്കിയ പ്രതിസന്ധികളില്‍ നിന്നും ഖത്തര്‍ അതിവേഗം കരകയറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍ അഞ്ചിന് നിലവില്‍ വന്ന ഉപരോധം ആറാം മാസത്തിലേക്ക് കടക്കുമ്പോള്‍ വിവിധ മേഖലകളില്‍ സ്വയം പര്യാപ്തത കൈവരിച്ചാണ് രാജ്യം പ്രതിസന്ധികളെ അതിജീവിച്ചത്. 

ഭക്ഷ്യ ഉപഭോഗത്തിന്റെ നാല്‍പത് ശതമാനവും അയല്‍ രാജ്യങ്ങളില്‍ നിന്ന് എത്തിയിരുന്ന ഖത്തറില്‍ കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ അടച്ച്‌കൊണ്ട് നിലവില്‍ വന്ന ഉപരോധം തുടക്കത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. എന്നാല്‍ ഉപരോധം ആറ് മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യം പ്രതിസന്ധികളെ അതിജീവിച്ചതായി ലോക മാധ്യമങ്ങളും സാമ്പത്തിക വിദഗ്ദ്ധരും വിലയിരുത്തുന്നു. ഉപരോധത്തെ ശക്തമായി പ്രതിരോധിക്കുന്നതില്‍ ഖത്തര്‍ എയര്‍വേസിന്റെ പങ്കാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. 

നാല് ഉപരോധ രാജ്യങ്ങളിലെ 18 കേന്ദ്രങ്ങളിലേക്കായി ദിവസം നൂറിലധികം വിമാന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്‌സിന് ഉണ്ടായിരുന്നത്. ഈ സര്‍വീസുകള്‍ മുഴുവന്‍ നിര്‍ത്തിവെച്ചെങ്കിലും വിപണിയിലെ തങ്ങളുടെ മേധാവിത്വം ഉപയോഗപ്പെടുത്തി ഖത്തര്‍ എയര്‍വേയ്‌സ് ശക്തമായി പിടിച്ചു നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2016 ല്‍ ബോയിംഗുമായി 18 ബില്ല്യണ്‍ ഡോളറിന്റെ ധാരണയുണ്ടാക്കിയ ഖത്തര്‍ എയര്‍വേസ് മേഖലയിലെ മറ്റ് വിമാനകമ്പനികളുടെ മേധാവിത്തത്തിന് കനത്ത തിരിച്ചടി നല്‍കി ആധിപത്യം തുടരുകയാണ്. 

സൗദി അതിര്‍ത്തി വഴിയുള്ള രാജ്യത്തിന്റെ 40 ശതമാനം ഭക്ഷണ സാധനങ്ങളും നിലച്ചെങ്കിലും 48 മണിക്കൂറിനകം തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതില്‍ ഖത്തര്‍ എയര്‍വേസ് വലിയ പങ്കാണ് വഹിച്ചത്. 20 ശതമാനത്തോളം വരുന്ന യാത്രക്കാരുടെ കുറവ് മറ്റ് രാജ്യങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിച്ചും നിലവിലെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചും പരിഹരിക്കാനായി. 

ഉപരോധത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ മാത്രം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായ ഹമദ് രാജ്യാന്തര തുറമുഖത്തെ വിവിധ രാജ്യങ്ങളുമായി ബന്ധിപ്പിച്ച് പുതിയ വാണിജ്യ മാര്‍ഗങ്ങള്‍ കണ്ടെത്തിയതും ഭരണകൂടത്തിന്റെ മികവായാണ് വിലയിരുത്തപ്പെടുന്നത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും കയറ്റുമതിയില്‍ കുറവ് വരാത്ത കാലത്തോളം ഖത്തര്‍ സമ്പദ് വ്യവസ്ഥക്ക് പ്രശനങ്ങളൊന്നുമുണ്ടാവില്ലെന്നും ഡോള്‍ഫിന്‍ പൈപ്പ് ലൈന്‍ വഴി യു.എ.ഇ പോലും ഇപ്പോഴും ഖത്തറില്‍ നിന്നും പ്രകൃതി വാതകം സ്വീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.